ഇന്നും എഴുപത്തിയൊന്നാം വയസ്സിലും കാവടി കെട്ടി കുടിവെള്ളം തോളിലേന്തി കടകളിൽ എത്തിക്കുന്ന മുഹമ്മദ്

കെട്ടി വെള്ളം എത്തിക്കുന്ന കാഴ്ച ഇക്കാലത്ത് വളരെ വളരെ അപൂർവമാണ്. എന്നാൽ കോഴിക്കോട് മാവൂരിൽ നമുക്ക് അവിടെ ചെന്നാൽ ആ കാഴ്ച കാണാം. നീളമുള്ള ഒരു വടിയുടെ രണ്ടറ്റത്തും പാത്രങ്ങൾ കെട്ടി പ്രദേശത്തെ ഹോട്ടലുകളിലും മറ്റും വെള്ളമെത്തിക്കുന്ന ഒരാളെ നിങ്ങൾക്ക് കാണാനാകും. അരയങ്കോട് ആലിങ്കണ്ടി മുഹമ്മദ്. എഴുപത്തൊന്നാം വയസ്സിലും അദ്ദേഹത്തിൻറെ ചുറുചൊറുക്കിന് ഒരു കുറവും വന്നിട്ടില്ല.

മാവൂരിലെത്തുന്നവർക്ക് കൗതുക കാഴ്ചയാണ് കാവടി കെട്ടി തോളിലേറ്റി വെള്ളം എത്തിക്കുന്ന മുഹമ്മദ്. മുളവടിയുടെ രണ്ടറ്റത്ത് കയറിൽ കെട്ടിത്തൂക്കിയ ടിൻ പാത്രങ്ങളിൽ വെള്ളം നിറച്ച് കാൽനടയായാണ് ഓരോ കടകളിലും എത്തിച്ചു നൽകുന്നത്. ഗ്വാളിയോ റയോൺസ് ഫാക്ടറിയുടെ പ്രതാപകാലത്ത് തുടങ്ങിയ ജോലി നാല്പത്തിയേഴ് വർഷമായി തുടരുന്നു. ആദ്യകാലത്ത് പത്ത് പേരുണ്ടായിരുന്നു ഇതുപോലെ തോളിലേറ്റി വെള്ളം എത്തിക്കുന്നതിന്. ഇപ്പോൾ മുഹമ്മദ് മാത്രമായി.

‘ഗ്വാളിയോ റയോസിലുള്ള കാലം മുതൽക്ക് ഞാനൊരു നാൽപ്പത്തി കൊല്ലം ജോലി ചെയ്യുന്നുണ്ട്. ഇപ്പൊ കുറച്ച് ഡൾ ആണ്, കിണറും പൈപ്പ് കണക്ഷനും ഒക്കെ വന്നേനെ കൊണ്ട്, ഇപ്പോളും കുടിക്കാനുള്ള വെള്ളത്തിന് വേണ്ടി എന്നെ അവര് വിളിക്കാറുണ്ട്’. പൊതു കിണറുകളിൽ നിന്ന് വെള്ളം മുക്കിയെടുത്താണ് ആവശ്യക്കാർക്ക് എത്തിക്കുന്നത്. കടകളിൽ പൈപ്പ് ലൈൻ സംവിധാനത്തിൽ വെള്ളം എത്തുന്നുണ്ടെങ്കിലും മുഹമ്മദിനോടുള്ള സ്നേഹം കാരണം മിക്കവരും ഇദ്ദേഹത്തെ തന്നെയാണ് ആശ്രയിക്കുന്നത്.

‘വളരെ ദൂരത്ത് നിന്നാണ് മൂപ്പര് വെള്ളം കൊണ്ട് വരുന്നത്. ആ വെള്ളം കൊണ്ട് വരുന്ന കാര്യത്തിൽ ഒരു ക്ഷീണവും ഒന്നും മൂപ്പർക്ക് ഇല്ല. വളരെയധികം ആ സ്നേഹത്തോടുകൂടി തന്നെയാണ് ഓരോ ഹോട്ടലിലേക്ക് എത്ര വെള്ളം വേണ്ടേച്ചാ അത് യഥാസമയം എത്തിച്ചു കൊടുക്കുക’ കടക്കാർ പറയുന്നു. കഴിയുന്ന കാലത്തോളം ജോലി തന്നെ തുടരണമെന്നാണ് മുഹമ്മദിന്റെ ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *