മമ്മൂട്ടി.. നിങ്ങൾ ഇല്ലാതെ ഒരു 10 വർഷം മലയാള സിനിമ മുൻപോട്ട് പോകില്ല..” തിലകനാണ് പറയുന്നത്

മലയാള സിനിമയിലെ അഭിനയ കലയുടെ ഭീഷ്മാചാര്യനാണ് നടൻ തിലകൻ. അദ്ദേഹം അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങൾ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്നു. തിലകൻ എന്ന മഹാനടൻ വിടപറഞ്ഞിട്ട് ഒരു ദശാബ്ദം ആവാൻ പോവുകയാണ്. ഒരിക്കൽ തിലകൻ മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് ചില കാര്യങ്ങൾ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഒരുകാലത്ത് മമ്മൂട്ടി തകർച്ചയിൽ നിന്നിരുന്ന സമയത്ത് തിലകൻ മമ്മൂട്ടിയോട് പറഞ്ഞ വാക്കുകളായിരുന്നു അത്. തിലകന്റെ ആ വാക്കുകൾ കാലം ശരിവെക്കുകയും ചെയ്തു. ഇന്ന് മമ്മൂട്ടി മലയാള സിനിമയിലെ ഒരു താരരാജാവായി തിളങ്ങി നിൽക്കുമ്പോൾ തിലകൻ അന്ന് പറഞ്ഞ വാക്കുകളുടെ പ്രസക്തി കാലങ്ങൾക്കും ഇപ്പുറം ഏറുകയാണ്. 

തിലകന്റെ പറഞ്ഞ വാക്കുകൾ;”ഒരു കാലത്ത് മമ്മൂട്ടിക്ക് പടം ഇല്ലാതെ വന്ന ഒരു സമയമുണ്ട്. അതായത് തനിയാവർത്തനത്തിനും ന്യൂഡൽഹിക്കും തൊട്ടുമുമ്പ്, അന്നൊരിക്കൽ ഞങ്ങൾ രണ്ടു പേരും കൂടി ഒരു പടം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, ഒരു പ്രൊഡക്ഷൻ ബോയ് എനിക്കൊരു ചായ കൊണ്ടുവന്നു തരുന്നു, ഞാൻ ആ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ, മമ്മൂട്ടി “എടാ ഞാനും ഇതിൽപ്പെട്ട ഒരു നടനാണ് കേട്ടോ? നമുക്ക് കൂടി ഒരു ചായ കൊണ്ടുവന്നു താടാ,” എന്നു പറഞ്ഞു. അപ്പോൾ ഞാൻ മമ്മൂട്ടിയെ കുറ്റപ്പെടുത്തി, “ശ്ശേ, എന്തിനാണ് അയാളോട് അങ്ങനെയൊക്കെ പറയുന്നത്?”, “അല്ല ചേട്ടാ ഇവനൊന്നും നമ്മളെ മൈൻഡ് ചെയ്യില്ല, കാരണം എനിക്ക് ഇപ്പോൾ പടം ഇല്ല,” അപ്പോൾ അയാൾ പറഞ്ഞു “സാർ, എന്നോട് പറഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ കൊണ്ടുവരാഞ്ഞത്,” എന്നിട്ട് അയാള് പോയി ചായ കൊണ്ടുവന്നു കൊടുത്തു. 
പിന്നീട് ഞാൻ മമ്മൂട്ടിയോട് പറഞ്ഞു, “നിങ്ങൾ അങ്ങനെ പറയുന്നത് ശരിയല്ല, ഞാൻ പറയുന്നു, നിങ്ങൾ ഇല്ലാതെ ഒരു 10 വർഷം എങ്കിലും മലയാള സിനിമ മുൻപോട്ടു പോവില്ല.” ആ പറഞ്ഞതിന്റെ അടുത്ത ആഴ്ച്ചയാണ് ഞാൻ ലോഹിതദാസിനെ സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. സിബി മലയിലിനുവേണ്ടി, അദ്ദേഹത്തിന് തനിയാവർത്തനം എന്ന കഥയാണ് ഇഷ്ടപ്പെട്ടത്, സിബി മലയിൽ ആ കഥ വായിച്ചതിനുശേഷം എന്നെ വിളിച്ചിട്ട് ചോദിക്കുന്നു, “ഇതിലെ അധ്യാപകന്റെ വേഷം അഭിനയിക്കാൻ പറ്റിയ ഒരു നടനെ പറയാമോ?” സിബി മലയിൽ ആണ് ചോദിക്കുന്നത്, ഞാൻ ഒരു സംശയവും ഇല്ലാതെ പറഞ്ഞു, “മമ്മൂട്ടി” എന്ന്, അതുകേട്ട് ചേട്ടൻ ഇങ്ങോട്ട് വരാൻ അവർ പറഞ്ഞതിന്റെ പേരിൽ എറണാകുളത്ത് അവർ താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഞാൻ ചെന്നു. അപ്പോൾ എന്നോട് ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. “ഞങ്ങളുടെ മനസ്സിലും അതുതന്നെയാണ്”. വെറുതെ അവർ ഒന്ന് ചോദിച്ചു, “മോഹൻലാൽ ആണെങ്കിൽ എങ്ങനെയിരിക്കും?” ഞാൻ പറഞ്ഞു, “സ്റ്റുഡന്റ് ആയിരിക്കും.” കാരണം, അന്ന് മോഹൻലാലിന്റെ രൂപം അതായിരുന്നു. ഒരു അദ്ധ്യാപകന്റെ രൂപം കിട്ടില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.

അങ്ങനെയാണ് മമ്മൂട്ടിയെ ആ പടത്തിൽ ഇട്ടത്. അത് വളരെ മനോഹരമായി മമ്മൂട്ടി ചെയ്തു. ഇത് ഞാൻ കണ്ടു. അതേ വർഷം തന്നെയാണ് ‘മതിലുകൾ’ എന്ന പടം അദ്ദേഹം ചെയ്തത്. ഞാനുമുണ്ട് അതിൽ. ഈ രണ്ടു പടവും ഇറങ്ങിയതിനു ശേഷം മമ്മൂട്ടി എന്നോട് ചോദിച്ചു, “ചേട്ടാ മതിലുകൾ കണ്ടോ?” ഞാൻ പറഞ്ഞു, “മതിലുകൾ കണ്ടു, തനിയാവർത്തനവും കണ്ടു,”. “എങ്ങനെയുണ്ട്?”. “നിങ്ങൾക്ക് സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഉറപ്പാണ്?” അപ്പോൾ മമ്മൂട്ടി തന്ന ഉത്തരം, “സ്റ്റേറ്റ് അവാർഡ് ചിലപ്പോൾ കിട്ടിയേക്കും, നാഷണൽ അവാർഡ് ഒന്നും കിട്ടത്തില്ല,”. “രണ്ടും കിട്ടും”, ബെറ്റ് വയ്ക്കാൻ ഞാൻ പറഞ്ഞു, അങ്ങനെ 5000 രൂപ ബെറ്റ് വെച്ചിട്ടുണ്ട്, ഇതുവരെ ആ ബെറ്റ് മമ്മൂട്ടി എനിക്ക് തന്നിട്ടില്ല, അങ്ങനെ മമ്മൂട്ടിക്ക് അത് കിട്ടുകയും ചെയ്തു. അത് പറഞ്ഞവനാണ് ഞാൻ.” വളരെ അഭിമാനത്തോടുകൂടി തിലകൻ പറഞ്ഞു. “പക്ഷേ പിന്നീട് മമ്മൂട്ടിയുടെ രീതികളൊക്കെ മാറി, അപ്പോഴാണ് ഞങ്ങൾ തമ്മിൽ തെറ്റിയത്.” എന്നും തിലകൻ വ്യക്തമാക്കി പറഞ്ഞു. 

Leave a Reply

Your email address will not be published.