സിനിമയിൽ അഭിനയിക്കുവാൻ മോഹൻലാൽ ഒരാൾക്ക് കൈമടക്ക് കൊടുത്ത കഥ ; തുറന്നു പറഞ്ഞു ആന്റണി പെരുമ്പാവൂർ

മലയാള സിനിമയുടെ നടനവിസ്മയം മോഹൻലാലിന്റെ സന്തത സഹചാരിയാണ് നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂർ. ഏകദേശം 20-25 വർഷങ്ങൾ നീണ്ട പരിചയമാണ് മോഹൻലാലുമായി ആന്റണി പെരുമ്പാവൂരിനുള്ളത്. നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1987-ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി മോഹൻലാലും ആന്റണിയും കണ്ടുമുട്ടുന്നത്. മോഹൻലാലിന്റെ കടുത്ത ആരാധകൻ കൂടിയായിരുന്ന ആന്റണി പെരുമ്പാവൂർ പിന്നീട് മോഹൻലാലിന്റെ ഏറ്റവും വിശ്വസ്തനായ വ്യക്തിയായി കാലാന്തരത്തിൽ മാറുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ പോകാൻ വേറെ വഴിയില്ലാതെ മോഹൻലാൽ കൈക്കൂലി കൊടുത്ത കേൾക്കാൻ വളരെ കൗതുകം നിറഞ്ഞ ആർക്കും അറിയാത്ത ഒരു സത്യകഥ തുറന്നു പറയുകയാണ് ആന്റണി പെരുമ്പാവൂർ.

ആന്റണി പെരുമ്പാവൂർ പറയുന്നു;
ലാൽ സാറിന്റെ നടുവേദനയുമായി ബന്ധപ്പെട്ട് മദ്രാസിലെ കാളിയപ്പ നഴ്സിംഗ് ഹോമിൽ അഡ്മിറ്റ് ആയിരിക്കുന്ന സമയം. വളരെ കർക്കശമായ ചികിത്സാരീതികളാണ് അവിടെ ഉണ്ടായിരുന്നത്. അതൊക്കെ ആ ഗൗരവത്തോടെ കാണുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ അവിടെ അഡ്മിഷൻ കിട്ടുകയുള്ളൂ. പഥ്യമായ ചികിത്സയ്ക്കൊപ്പം വിശ്രമവും ഏറെ ആവശ്യമുണ്ട്. കട്ടിലിൽ നിന്ന് അനങ്ങരുത് എന്നാണ് പ്രധാന ഡോക്ടറുടെ കൽപ്പന. അവിടെ ലാൽസാറിനെ കൂട്ടായി ഞാൻ മാത്രം. ഇടയ്ക്കൊക്കെ ലാൽ സാറിന്റെ ഭാര്യ സുചിത്ര ചേച്ചിയും കുടുംബാംഗങ്ങളും വരും. അധികസമയം അവരെ ആരെയും മുറിയിൽ നിർത്താറില്ല.
ഈ സമയങ്ങളിൽ മിക്കദിവസങ്ങളിലും ലാൽസാറിനെ കാണാനായി സംവിധായകൻ തമ്പി കണ്ണന്താനം സാർ എത്തുമായിരുന്നു. അദ്ദേഹം എത്തുന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യത്തിനായാണ്. അതിന്റെ ഗൗരവം ലാൽ സാറിനും എനിക്കും നന്നായിട്ടറിയാം. തമ്പി സാർ സംവിധാനം ചെയ്യുന്ന” ഇന്ദ്രജാലം” എന്ന ആക്ഷൻ സിനിമയിൽ ലാൽസാറിന്റെ ഒരു ഷോട്ട് ബാക്കിയാണ്. അതും ബൈക്കിലിരുന്ന് യാത്ര ചെയ്യുന്ന രംഗം. സാന്തോം പള്ളിയുടെ മുന്നിലാണ് ഷൂട്ട് ചെയ്യേണ്ടത്. കട്ടിലിൽ നിന്ന് അനങ്ങരുത് എന്ന് പറഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ, അതും ബൈക്ക് ഓടിക്കുന്ന സീൻ എങ്ങനെ എടുക്കും എന്ന ടെൻഷനിലാണ് എല്ലാവരും. ഇന്ദ്രജാലം സിനിമ അടുത്ത ഓണത്തിന് തീയറ്ററിൽ എത്തേണ്ടതാണ്. ബാക്കി പണികൾ എല്ലാം അപ്പോഴേക്കും പൂർത്തിയായി കഴിഞ്ഞിരുന്നു.
തമ്പി സാറിന്റെ പ്രയാസം ശരിക്കും എല്ലാവരുടെയും പ്രയാസമായി. അത് മനസ്സിലാക്കിയ ലാൽസാർ ചോദിച്ചു;”ആന്റണി എന്തുചെയ്യും..?” ഡോക്ടറോട് ചോദിച്ചാൽ ഒട്ടും അനുവദിക്കില്ല എന്നറിയാം. കാരണം അദ്ദേഹം കർക്കശക്കാരനാണ്. ഡോക്ടർ ഇടയ്ക്കൊക്കെ പറയും”ചിട്ടകൾ തെറ്റിക്കരുത്. എനിക്ക് വേണ്ടിയല്ല, നിങ്ങൾക്ക് വേണ്ടിയാണ്.”ഇങ്ങനെ അദ്ദേഹം പറയുന്നത് നൂറുശതമാനം ശരിയുമാണ്.

ഒടുവിൽ ഞങ്ങളൊരു തീരുമാനമെടുത്തു. അതിരുവിട്ട തീരുമാനം. എന്തും വരട്ടെ എന്ന് കരുതി ആരും കാണാതെ ഹോസ്പിറ്റലിൽ നിന്ന് പുറത്തുചാടി ഷൂട്ടിങ്ങിനു പോവുക. ഭാഗ്യത്തിന് നൈറ്റ് സീൻ ആണ്. പക്ഷേ ഈസിയായി ഹോസ്പിറ്റലിൽ നിന്ന് പുറത്തു പോകാനും കഴിയില്ല. അത്രയ്ക്ക് സെക്യൂരിറ്റി ആണ് ഹോസ്പിറ്റലിൽ. പിന്നെ ഒരു മാർഗമേ കണ്ടുള്ളൂ. സെക്യൂരിറ്റിക്കാരനെ കയ്യിലെടുക്കുക. അങ്ങനെ അദ്ദേഹത്തിന് കൈമടക്ക് നൽകി രാത്രി ഹോസ്പിറ്റലിൽ നിന്നും മുങ്ങി. ഷൂട്ടിംഗ് പൂർത്തിയാക്കി വെളുപ്പിനെ തിരിച്ചെത്തി ഒന്നും സംഭവിക്കാത്ത മട്ടിൽ കിടന്നുറങ്ങി. എല്ലാം ഭംഗിയായി കലാശിച്ചു. സമയത്ത് തന്നെ പടം റിലീസ് ആവുകയും വലിയ വിജയമാവുകയും ചെയ്തു. അതിന്റെ പേരിൽ ലാൽ സാറിന് ഒരാഴ്ച കൂടി ആശുപത്രിയിൽ കിടക്കേണ്ടി വന്നു എന്ന് മാത്രം: ആന്റണി പറഞ്ഞു.

2000-ൽ ‘നരസിംഹം’ എന്ന അന്നത്തെ ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ സിനിമ നിർമ്മിച്ചുകൊണ്ട് മോഹൻലാലിന്റെ പിന്തുണയോടെ, ആശിർവാദങ്ങളോടെ, ‘ആശിർവാദ് സിനിമാസ്’ എന്ന പ്രൊഡക്ഷൻ ഹൗസ് സ്ഥാപിക്കുകയും ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമാ നിർമ്മാണ കമ്പനിയാക്കി ആശീർവാദ് സിനിമാസ് മാറ്റുകയും ചെയത്തിൽ ആന്റണി പെരുമ്പാവൂർ വഹിച്ച പങ്ക് ചെറുതല്ല. ഇപ്പോൾ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (FEUOK) പ്രസിഡന്റും കൂടിയാണ് ആന്റണി പെരുമ്പാവൂർ. തന്റെ എല്ലാം വിജയങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മോഹൻലാൽ സാർ തന്നെയാണ് എന്ന് ആന്റണി എപ്പോഴും ഉരുവിട്ടു പറയാറുണ്ട്.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന ഖ്യാതി നേടിയ ദൃശ്യം, അതുകഴിഞ്ഞ് ലൂസിഫർ, ഇപ്പോളിതാ ഒടിടി റിലീസായി എത്തിയ ദൃശ്യം 2 എന്നിവ ആശിർവാദ് സിനിമാസ് നിർമ്മിച്ച സിനിമകളാണ്. മലയാള സിനിമയിലെ ഏറ്റവും ബിഗ്ബഡ്ജറ്റ് മോഹൻലാൽ സിനിമ കുഞ്ഞാലി മറക്കാരിന്റെ ജീവിത കഥ ‘മരക്കാർ അറബികടലിന്റെ സിംഹം’ ആശിർവാദ് സിനിമാസ് നിർമ്മിച്ചു കഴിഞ്ഞു. ഈ ചരിത്ര സിനിമയ്ക്ക് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. ഉടൻ തന്നെ മരക്കാർ തിയറ്ററുകളിലെത്തും. ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ‘ബറോസ്’ എന്ന 3ഡി ബഹുഭാഷാ ചിത്രം നിർമ്മിക്കുന്ന തിരക്കുകളിലാണ് ആന്റണി പെരുമ്പാവൂർ.

Leave a Reply

Your email address will not be published.