കഴിഞ്ഞ ദിവസം കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളും സമാന്തര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഒരേപോലെ ചര്‍ച്ച ചെയ്ത വിഷയമാന് പാല ബിഷപ്പിൻ്റെ നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയം. സമൂഹ മാധ്യമങ്ങള്‍ രണ്ട് ചേരിയിലായി ഘോര ഘോരം ഇതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്തു. ഈ പരാമര്‍ശം ഉയര്‍ത്തി വിട്ട വിവാദം ചില്ലറയല്ല. ഒട്ടുമിക്ക സാംസ്കാരിക നായകന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും ഇതേക്കുറിച്ച് പ്രതികരിക്കുകയുണ്ടായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടനും സിനിമാ താരവുമായ സുരേഷ് ഗോപി.

ഇതുമായി ബന്ധപ്പെട്ട് തന്നോട് ബിഷപ്പ് ആവശ്യപ്പെട്ടാല്‍ ഉറപ്പായും വേണ്ട പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറയുന്നു. അല്ലാതെ അങ്ങോട്ട് ഓടിച്ചെന്ന് ഒരു മൈക്കുമെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയക്കാരനല്ല താന്‍. അത്തരക്കാരുടെ ഗണത്തില്‍ തന്നെ പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാദ്ധ്യമങ്ങളോടാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ആര്‍ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും അത് തന്നോട് പറയാവുന്നതാണ്. അത് തീര്‍ച്ചയായും ഉത്തരവാദിത്തപ്പെട്ടവരുടെ മുന്നില്‍ എത്തിക്കും. തൻ്റെ ജോലി തന്നെ അതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. നമ്മുടെ നാട്ടില്‍ നടക്കുന്ന എല്ലാ വിഷയങ്ങളും പ്രധാനമന്ത്രിയുടെ മുന്നില്‍ എത്തുന്നുണ്ട്. അല്ലാതെ ഒരു പേരത്തൈ മാത്രമല്ല രാജ്യത്തിൻ്റെ പ്രധാന മന്ത്രിയുടെ മുന്നില്‍ എത്തുന്നത്. കര്‍ഷക നിയമവും കശ്മീര്‍ വിഷയവും ഉള്‍പ്പെടെ രാജ്യത്തുള്ള എല്ലാ പ്രശ്നങ്ങളും അവിടെ എത്തുകയും സത്വരമായി നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ ബിഷപ്പ് വഴിയാണ് എത്തുന്നതെങ്കില്‍ അക്കാര്യവും പരിഗണിക്കും. എന്നതുകൊണ്ട് താന്‍ അതിനു വേണ്ടി ആരുടേയും അടുത്തേക്ക് പോകാന്‍ ഉദേശിക്കുന്നില്ല. തന്നോട് ആവശ്യപ്പെട്ടാല്‍ മാത്രമേ പോവുകയുള്ളൂ. അല്ലാതെ അങ്ങോട്ട് ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന തരത്തിലുള്ള രാഷ്ട്രീയക്കാരനല്ല താന്‍. പറയാനുള്ളവര്‍ അഭിപ്രായം പറയട്ടെ. അത്തരം അഭിപ്രായക്കാരുടെ ഭൂരിപക്ഷം കൂടുമ്പോള്‍ ഉറപ്പായും നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി ഉപസംഹരിച്ചു.