നൃത്തത്തിൽ ധരിച്ച വസ്ത്രത്തിൻ്റെ പേരില്‍ വിമർശിച്ചവർക്കെതിരെ അതെ നാണയത്തിൽ ചുട്ട മറുപടി കൊടുത്ത് സയനോര ഫിലിപ്പ്..

കഴിഞ്ഞ ദിവസം പ്രശസ്ത ഗായിക സയനോര ഫിലിപ്പും സുഹൃത്തുക്കളും  പങ്ക് വച്ച നൃത്തത്തി​ൻ്റെ പേരില്‍ സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതേ തുടര്‍ന്നു ഒരു മറുപടി എന്നോണം വീണ്ടും അതേ വേഷത്തിലുള്ള ചിത്രം സയനോര പോസ്റ്റ് ചെയ്തു. നൃത്തം ചെയ്യുമ്പോള്‍ ഉപയോഗിച്ചിരുന്ന വേഷത്തില്‍ വളരെ അലസമായി ഇരിക്കുന്ന ഒരു ഫോട്ടോയാണ് ഇവര്‍ ഇപ്പോള്‍  പോസ്റ്റ് ചെയ്തിരിക്കുന്നത്. 

‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന അടിക്കുറിപ്പോടെ വളരെ ചെറിയ ഷോട്ട്‌സ് ഇട്ട് ഇരിക്കുന്ന തൻ്റെ പുതിയ ചിത്രം സയനോര സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘മൈ ലൈഫ്, മൈ ബോഡി, മൈ വേ’ എന്ന ഹാഷ് ടാഗും ഇതിനോടൊപ്പം സയനോര ഉപയോഗിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിലെ ഒരു വിഭാഗം   ആളുകള്‍ ഇവരുടെ നിറത്തെയും വേഷത്തെയും അപഹസിച്ചുകൊണ്ട് നിരവധി കമന്‍റുകൾ  ചെയ്തിരുന്നു. ഇത്തരത്തില്‍ ഉള്ള കമന്‍റുകൾ അധികരിച്ച സാഹചര്യത്തില്‍ ആണ് ഒരു മറുപടിയെന്നോണം പുതിയ ചിത്രവുമായി സയനോര  സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും എത്തിയത്.

കഴിഞ്ഞ ദിവസം ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന ഗാനത്തിന് പ്രശസ്ത നടിമാരായ ഭാവനയും രമ്യ നമ്പീശനും ശില്‍പ ബാലയും ഒപ്പം ഗായികമാരായ സയനോരയും മൃദുല മുരളിയും ഒരുമിച്ച്‌ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച നൃത്തിൻ്റെ വീഡിയോ വേഗം തന്നെ വൈറലായി മാറിയിരുന്നു. എന്നാല്‍ ഈ വീഡിയോക്ക് താഴെയായി  സയനോരയെ മാത്രം  ലക്ഷ്യം വച്ച് കമന്‍റുകള്‍ നിറഞ്ഞു. ഈ നാടിനും സംസ്‌ക്കാരത്തിനും ചേര്‍ന്നതല്ല ഈ വസ്ത്രധാരണമെന്നും ലജ്ജാവഹമാണ് ഈ പെരുമാറ്റാമെന്നുമുള്ള തരത്തില്‍ നിരവധി കമന്‍റുകൾ പലരും രേഖപ്പെടുത്തുകയുണ്ടായി. പല പരാമര്‍ശങ്ങളും പരിധിയുടെ സര്‍വ സീമയും ലംഘിക്കുന്നതായി. സയനോരയുടെ നിറത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്‍റുകളായിരുന്നു ഭൂരിഭാഗവും. എന്നാല്‍,  തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ വാ അടപ്പിക്കുന്നതായിരുന്നു സയനോരയുടെ ഇപ്പോഴത്തെ മറുപടി.

Leave a Reply

Your email address will not be published.