കൊടുത്ത കൈ ആദ്യം പിന്‍വലിച്ച മമ്മൂട്ടി പിന്നെ കൈരളിയുടെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്നത് അങ്ങനെയാണ്..

മുഹമ്മദ് കുട്ടിയില്‍ നിന്നും ഇന്ന് കാണുന്ന മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ വളര്‍ച്ച അതിവേഗമായിരുന്നു. അതിന് മുൻപ് ഒരു വര്‍ഷത്തോളം മഞ്ചേരി ജില്ലാ കോടതിയില്‍ അദ്ദേഹം  അഭിഭാഷകനായി സേവനം അനുഷ്ടിച്ചിരുന്നു. പ്രശസ്ത അഭിഭാഷകന്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ കീഴിലാണ് അന്ന് മമ്മൂട്ടി ജോലി ചെയ്തിരുന്നത്. പിന്നീട് സിനിമാ ഭ്രമം മൂത്ത് ആ ജോലി ഉപേക്ഷിച്ച് പോയെങ്കിലും മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീധരന്‍ നായര്‍. കൈരളി ചാനല്‍ ചെയര്‍മാനായി മമ്മൂട്ടി എത്തിയ സംഭവം അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി.

സീനിയര്‍ ജൂനിയര്‍ ബന്ധമായിരുന്നില്ല ഇരുവര്‍ക്കുമിടയില്‍. കുടുംബവുമായിട്ടുള്ള അടുപ്പം ഇപ്പോഴും അവര്‍ കാത്തുസൂക്ഷിക്കുന്നു. മമ്മൂട്ടി ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്ന മനുഷ്യന്‍ ആണെന്ന് പൊതുവേ എല്ലാവരും തുറന്നു സമ്മതിക്കും. 

ഒരുകാലത്ത് ശ്രീധരന്‍ വക്കീലിൻ്റെ ജൂനിയര്‍ എന്ന വിലാസമായിരുന്നു മമ്മൂട്ടിക്കുണ്ടായിരുന്നത്. ഒരു വര്‍ഷത്തോളം ശ്രീധരന്‍ വക്കീലിനൊപ്പം മമ്മൂട്ടി ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യാ പിതാവും മുന്‍ മന്ത്രിയുമായിരുന്ന ശിവദാസ മേനോനെ അച്ഛാ എന്നായിരുന്നു മമ്മൂട്ടി സംബോധന ചെയ്തിരുന്നത്.  

കൈരളി ചാനല്‍ ആരംഭിക്കുന്ന സമയം  ആര് ചെയര്‍മാന്‍ ആകുമെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്നു. മമ്മൂട്ടിയെ ഏല്‍പ്പിക്കാമെന്ന പൊതു ധാരണയിലെത്തി. ആര് മമ്മൂട്ടിയോട് പറയും എന്നതായിരുന്നു പ്രശ്നം. അങ്ങനെ ഒടുവില്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ വഴി സംസാരിക്കാന്‍ തീരുമാനിച്ചു. വക്കീല്‍ പറഞ്ഞാല്‍ മമ്മൂട്ടി അനുസരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ നിഷ്കര്‍ഷിക്കുകയായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനടക്കമുള്ളവര്‍ വക്കീലുമായി സംസാരിച്ചു. 

അങ്ങനെ മഞ്ചേരി ശ്രീധരന്‍ നായര്‍ കൈരളിയുടെ നേതൃത്വം ഏറ്റെടുക്കുന്ന കാര്യം സംസാരിക്കാന്‍ ചെന്നൈയിലെത്തി.  ചാനലിൻ്റെ നേതൃത്വം ഏറ്റെടുത്തുകൂടെ എന്ന് അദ്ദേഹം മമ്മൂട്ടിയോട് തിരക്കി. കുറച്ചു നേരത്തെ സംസാരത്തിന് ശേഷം ചെയര്‍മാനായി മമ്മൂട്ടിയെ നിയമിച്ചിരിക്കുന്നു എന്നു പറയുകയും ശേഷം ശ്രീധരന്‍ നായര്‍ കൈ കൊടുക്കുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടി കൈ പിന്‍വലിക്കുകയാണ് ചെയ്തത്. പക്ഷേ വക്കീല്‍ പിന്മാറിയില്ല. ഭാര്യ സുല്‍ഫത്തുമായും കുട്ടികളുമായും  വക്കീല്‍ സംസാരിച്ചു. ഭാര്യ കൂടി പറഞ്ഞതോടെ മമ്മൂട്ടി കൈരളി ടിവിയുടെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുകയായിരുന്നുവെന്ന് മഞ്ചേരി ശ്രീധരന്‍ നായരെ ഉദ്ധരിച്ച്‌ ഒരു സ്വകാര്യ വാര്‍ത്താ മാധ്യമം റിപ്പോര്‍ട് ചെയ്യുകയുണ്ടായി.

Leave a Reply

Your email address will not be published.