പ്രശസ്ത നടന് സുകുമാരന്‍ ഓര്‍മയായിട്ട് 24 വര്‍ഷം പിന്നീടുമ്പോൾ പൃഥ്വിരാജ് മലയാള സിനിമയുടെ ഉയരങ്ങള്‍ മറ്റൊരു നടനും എത്തിപ്പിടിക്കാനാവാത്ത വിധം കീഴടക്കിയിരിക്കുകയാണ്. അക്കാലത്തെ ക്ഷുഭിത യൌവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരനെങ്കില് പൃഥ്വിരാജ് ഒരു പടി കൂടി കടന്ന് സൂപ്പര്‍ താരം എന്നതിനപ്പുറം മികച്ച സംവിധായകന് എന്ന നിലയില്‍ കൂടി അറിയപ്പെടുന്നു. എന്തും വെട്ടിത്തുറന്നു പറഞ്ഞിരുന്ന സുകുമാരന്റെ ശൈലി സിനിമക്കകത്തും പുറത്തും നിരവധി ആരാധകരെ സൃഷ്ടിച്ചു. ചടുലമായ ഡയലോഗ് ഡെലിവറി കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു.

എന്നാല്‍ സിനിമാ രംഗത്തെ ചില തുറന്നു പറച്ചിലുകള്‍ സുകുമാരനെതിരെ വിലക്കെന്ന കഡ്ഗം പ്രയോഗികപ്പെടുവാന് കാരണമായി. മൂന്നു വര്‍ഷത്തോളമാണ് സുകുമാരന്‍ സിനിമയില്ലാതെ വീട്ടിലിരിപ്പായത്.
എന്നാല്‍ അതുകൊണ്ടൊന്നും സുകുമാരന്‍ എന്ന ചങ്കൂറ്റമുള്ള മനുഷ്യനെ ഒതുക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
വക്കിലായിരുന്ന അദ്ദേഹം കോടതിയില്‍ വാദിച്ച് തന്നെ വിലക്കിയ അതേ സഘടനയില്‍ നിന്ന് തന്നെ മെമ്പർഷിപ്പും എടുത്തു. പിന്നീട് നടന്ന അമ്മ സംഘടനയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ച് താരങ്ങളുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മുഖത്തേക്ക് അതേമെമ്പർഷിപ്പ് വലിച്ച് കീറി എറിഞ്ഞു കൊടുക്കുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് ബൈജു കൊട്ടാരക്കര ‘ബോക്സര്‍’ എന്ന ചിത്രത്തിലേക്ക് സുകുമാരനെ ക്ഷണിക്കുന്നത്. എന്നാല്‍ സുകുമാരനെ വെച്ച് സിനിമ ചിത്രീകരിച്ചാല്‍ റിലീസിന് തിയേറ്റര്‍ ലഭിക്കില്ലന്നു പലരും ഭീഷണിപ്പെടുത്തിയിരുന്നു. ബൈജു ഇത് കാര്യമാക്കിയില്ലങ്കിലും ഈ വിവരം മറ്റുള്ളവര്‍ അറിഞ്ഞതോടെ താരങ്ങളെ ഒന്നൊന്നായി ‘അമ്മ’ പിന്‍വലിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നുവെന്ന് മനസ്സിലായ നിര്‍മാതാവും സംവിധായകനും കൂടി അന്നത്തെ അമ്മയുടെ പ്രസിഡന്റായിരുന്ന മധുവിനെ കണ്ട് വിവരം ധരിപ്പിച്ചു. അങ്ങനെയാണ് സുകുമാരൻ്റെ വിലക്ക് അമ്മ പിന് വലിച്ചത്. അന്നത്തെ അമ്മയുടെ മീറ്റിങ്ങില്‍ വച്ച് ഒരു സൂപ്പര്‍ താരത്തോട് പറയുകയുണ്ടായി ‘എനിക്കും രണ്ട് പിള്ളേര് വളര്‍ന്ന് വരുന്നുണ്ട്, അവര്‍ സിനിമയില്‍ എത്തുകയാണെങ്കില്‍ തൻ്റെയൊക്കെ മുഖത്ത് നോക്കി ചോദിയ്ക്കാന്‍ പ്രാപ്തരായിരിക്കും. കാരണം അവര്‍ ഈ സുകുമാരൻ്റെ മക്കളാണ്’.. അന്ന് സുകുമാരന്‍ ആഗ്രഹിച്ചത് പോലെ ആ രണ്ട് മക്കള്‍ ഇന്ന് മലയാള സിനിമയിലെ അഭിവാജ്യ ഘടകങ്ങളായി മാറുകയും എന്തും തുറന്നു സംസാരിക്കാന്‍ ആര്ജ്ജവമുള്ളവരുമായി മാറി.