തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ തൻ്റെ കടുത്ത ആരാധകന് മമ്മൂട്ടി സുബ്രന്റെ അകാല മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് നടന് മമ്മൂട്ടി തന്നെ രംഗത്ത് വന്നത് സൈബറിടങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ കടുത്ത ആരാധകനായിരുന്ന സുബ്രൻ്റെ വിയോഗം വലിയ വേദന ഉളവാക്കുന്നതായി മമ്മൂട്ടി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സുപ്രന്റെ മരണ വിവരം അറിഞ്ഞ മമ്മൂട്ടി തന്നെ ഫോണില്‍ ബന്ധപ്പെട്ട അനുഭവം തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലറായ ആതിര ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുകയുണ്ടായി. സുബ്രന് താമസിച്ചിരുന്ന പ്രദേശത്തിൻ്റെ കൗണ്‍സിലറാണ് ആതിര.

മമ്മൂട്ടി എന്ന നടനെ തനിക്ക് സിനിമയില്‍ കണ്ട പരിചയം മാത്രമേ ഉള്ളൂവെന്ന് അവര്‍ കുറിക്കുന്നു. തനിക്ക് അതിലുമപ്പുറം ഒന്നും അറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ഇന്ന് താന്‍ അദ്ദേഹത്തെ ഓര്‍ത്തിരുന്നു. കാരണം തന്റെ ഓര്‍മ്മ ഉള്ള കാലം മുതല്‍ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകനെ തനിക്കറിയാം. നാട്ടുകാരും സുഹൃത്തുക്കളും അയാളെ മമ്മൂട്ടി സുബ്രന് എന്നായിരുന്നു വിളിച്ചിരുന്നത്. അയാളും സ്വയം അങ്ങനെ ആയിരുന്നു പരിചയപ്പെടുത്തിരുന്നതും.
ആ മനുഷ്യന് മമ്മൂട്ടിക്കു ഇത്ര പ്രിയപ്പെട്ടവന് ആണെന്ന് മനസിലാക്കാന്‍ വൈകിപ്പോയി. മരണ വിവരം അറിഞ്ഞ് മമ്മൂട്ടി വിളിച്ചിരുന്നു. ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിലെ അശോക് രാജ് ബാലനെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത്.
തെരുവില്‍ അന്തിയുറങ്ങിയിരുന്ന തീര്‍ത്തൂം സാധാരണക്കാരനായ ഒരു ആരാധകനോട് പോലും ഇത്രയധികം ആത്മ ബന്ധം പുലര്‍ത്തിയിരുന്നു മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ എന്നറിഞ്ഞപ്പോള്‍ ആ മനുഷ്യനോടു തികഞ്ഞ ആദരവ് തോന്നിയെന്നും ആതിര പറയുന്നു. സുബ്രനെ കുറിച്ചുള്ള നിരവധി ഓര്‍മ്മകള്‍ മമ്മൂട്ടി പങ്കിടുകയുണ്ടായി. തന്റെ ഷൂട്ടിംഗ് സ്ഥലങ്ങളിലും വീട്ടിലും വരാറുണ്ടായിരുന്നെന്നും മദ്യപാനശീലം കൂടിയപ്പോള്‍ വഴക്ക് പറഞ്ഞിരുന്നതുമെല്ലാം അദ്ദേഹം പറഞ്ഞതായി ആതിര പറയുന്നു.
എന്നാല്‍ മമ്മൂട്ടിയോടുള്ള അടുപ്പം ഒരിക്കലും വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിക്കാതിരുന്ന സുബ്രൻ തികച്ചും ഒരു സാധാരണക്കാരനായ ആരാധകനായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.