“പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണ്” ബാല

പ്രശസ്ത തെന്നിന്ത്യന്‍ താരം ബാലയുടെയും എലിസബത്തിൻ്റെയും വിവാഹം നടന്നിട്ട് അധിക ദിവസം ആയിട്ടില്ല. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ വാര്‍ത്ത വളരെ ആഘോഷ പൂര്‍വമാണ് ആരാധകര്‍ എതിരേറ്റത്. വിവാഹ ശേഷം ഇരുവരുടെയും നിരവധി ചിത്രങ്ങളും വീഡിയോകളും ബാല തന്നെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കു വക്കുകയും ചെയ്തിരുന്നു. കൂടാതെ തന്‍റെ ഭാര്യ എലിസബത്തിൻ്റെ പിറന്നാള്‍ ആഘോഷത്തിൻ്റെ വീഡിയോയും ബാല ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. എന്നാല്‍ ഇവരുടെ വീഡിയോക്കു താഴെ ഒരു വിഭാഗം ആളുകളുടെ ഭാഗത്ത് നിന്നും  വളരെ മോശമായ രീതിയിലുള്ള കമന്‍റുകളും വന്നിരുന്നു. ഇപ്പോഴിതാ അത്തരം കമന്റുകള്‍ക്ക് ബാല തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

തന്‍റെ പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്‍റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ഇപ്പോള്‍ ബാല പറയുന്നത്. എന്നാല്‍ ആരാണ് ഇതിന് പിന്നില്‍ എന്ന് ബാല വീഡിയോയില്‍ പറയുന്നില്ല. തന്നെ കുറിച്ച്‌ ആര് എന്ത് മോശം കമന്‍റ് എഴുതിയാലും അത് കാര്യമാക്കുന്നില്ല. പക്ഷെ എലിസബത്തിനെ കുറിച്ച്‌ ഉണ്ടാകുന്ന ഇത്തരം കമന്‍റുകള്‍ തെറ്റാണെന്നു ബാല പറയുന്നു. ഇത്തരത്തിലുള്ള കമന്‍റ് ചെയ്യുന്നതിന് പകരം നേരില്‍ വരുകയോ, നമ്പര്‍ തരുകയോ ചെയ്താല്‍ സംസാരിക്കാമെന്നും ഇതോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്‍റെ ജീവിതത്തിലെ വിശേഷപ്പെട്ട ദിവസത്തില്‍ നിരവധി പേര്‍ തന്‍റെ കുടുംബത്തോട് സ്‌നേഹം അറിയിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തന്‍റെ ഭാര്യക്കെതിരെ  ഉണ്ടാകുന്ന അപവാദപ്രചരണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു. ഇത്തരത്തില്‍ ദുഷ്പ്രചരണം നടത്തുന്ന എത്ര പേര്‍ക്കെതിരെ പൊലീസില്‍ പരാതിപെടാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. അവനവൻ്റെ  കുടുംബത്തിലേക്ക് നോക്കുന്നതിന് പകരം  മറ്റുള്ളവരുടെ കുടുംബത്തിലേക്ക് നോക്കി എന്തിനാണ് പ്രശ്‌നമുണ്ടാക്കാന്‍ വരുന്നതെന്നും ബാല ചോദിച്ചു.

Leave a Reply

Your email address will not be published.