മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അമരം. ലോഹിതദാസിൻ്റെ തിരക്കഥയില്‍ മലയളത്തിൻ്റെ മാന്ത്രിക സംവിധായകന് ഭരതനാണ് അമരം സംവിധാനം ചെയ്തത്. അച്ചൂട്ടിയെന്നാണ് അമരത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേര്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പെയറായി എത്തിയത് ചിത്ര ആയിരുന്നു. അമരത്തിലെ അച്ചൂട്ടിയെ ഭ്രമിപ്പിച്ചു നിര്‍ത്തുന്ന സൗന്ദര്യ ധാമമാണ് ചന്ദ്രിക. മീന്‍ മണമുള്ള മരക്കാത്തി പെണ്ണായി ചിത്ര ആ വേഷം ഗംഭീരമാക്കി. തന്റെ 56- ആം വയസ്സില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു ഈ ലോകത്തോട് വിട പറഞ്ഞ അവര്‍ തന്റെ കരിയറില്‍ ചെയ്ത ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായാണ് ചന്ദ്രികയെ വിലയിരുത്തുന്നത്.

തന്റെ സിനിമാ കരിയറില്‍ ഏറ്റവും എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് ചന്ദ്രികയെന്ന് അവര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ ചിത്ര നേരിട്ട ഏറ്റവും വലിയൊരു പ്രതിസന്ധിയുണ്ട്. പച്ച മീന്‍ കൈ കൊണ്ട് തൊടുന്നതിനെക്കുറിച്ച് അന്ന് ചിത്രയ്ക്ക് ചിന്തിക്കാന്‍ പോലും
കഴിയില്ലായിരുന്നു. അമരത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ മീന്‍ കൈകൊണ്ട് തൊടാന്‍ അറപ്പുള്ള ആളായിരുന്നു ചിത്ര. എന്നാല്‍ ചിത്രയുടെ ഈ അറപൊക്കെ മാറ്റിയെടുത്തത് സംവിധായകന് ഭരതനാണ്. അദ്ദേഹമാണ് മീന്‍ കഴുകാന്‍ ചിത്രയെ പഠിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി സംവിധായകന് ഭരതന് ചിത്രയെ പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിടുകയുണ്ടായി. അങ്ങനെയാണ് തനിക്ക് മീനിനോടുള്ള അറപ്പ് മാറിയതെന്ന് ചിത്ര പറയുന്നു. പച്ച മീനിൻ്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നാണ് തന്നെ അന്ന് ഭരതേട്ടന് പഠിപ്പിച്ചതെന്നും ചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.