മലയാള സിനിമയുടെ കാരണവരാണ് മധു. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സീനിയറായ സിനിമാ നടനും അദ്ദേഹം തന്നെയാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന അദ്ദേഹം പ്രായാധിഖ്യം കൊണ്ട് കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. അടുത്തിടെ അദ്ദേഹം അഭിനയിച്ച ഒരു ചിത്രം മമ്മൂട്ടി നായകനയെത്തിയ വണ്‍ ആണ്.
പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ അഭിനയിക്കാന്‍ ആരോഗ്യം അനുവദിക്കാത്തതു കൊണ്ട് നിരസിക്കുകയായിരുന്നു. മലയാളത്തിലെ ബിഗ് ബഡ്ജക്റ്റ് ചിത്രമായ ‘മരയ്ക്കാര്‍ അറബിക്കടലിൻ്റെ സിംഹം’ എന്ന ചിത്രത്തിലേക്ക് വന്ന ക്ഷണവും സ്നേഹപൂര്‍വം നിരസിച്ചു.
സിനിമയില്‍ നിന്നും മനഃപ്പൂര്‍വം ഒഴിഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ഒരു ദിവസം അദ്ദേഹത്തെ കാണാന്‍ മമ്മൂട്ടി എത്തിയത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന സിനിമയില്‍ അഭിനയിച്ചേ പറ്റൂ എന്നു പറയാനാനായിരുന്നു മമ്മൂട്ടിവന്നത്. ചിത്രത്തിലെ കഥാപാത്രത്തെ പറ്റി വിശദമായി തന്നെ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി അവതരിപ്പിക്കുന്ന കടയ്ക്കല്‍ ചന്ദ്രൻ്റെ ഗുരുനാഥനായ പ്രൊഫ.വാസുദേവ പണിക്കരുടെ വേഷമായിരുന്നു മധുവിന് വേണ്ടി ഒരുക്കി വച്ചിരുന്നത്. ഒഴിയാന്‍ ശ്രമിച്ചെങ്കിലും സമ്മതം വാങ്ങിയിട്ടേ മമ്മൂട്ടി മടങ്ങിയുള്ളൂവെന്ന് അദ്ദേഹം പറയുന്നു .

നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഒപ്പം മധു അഭിനയിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കുന്നത് വളരെ സുഖമുള്ള കാര്യമാണെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളില്‍ തന്നെ പ്രതിഭയുടെ മിന്നലാട്ടം കണ്ടിരുന്നു. ഏത് കോസ്റ്റ്യൂമും ചേരുന്ന അപൂര്‍വം നടന്മാരില് ഒരാളാണ് മമ്മൂട്ടി. കുടുംബസ്ഥന്, കുറ്റാന്വേഷണ ഉദ്യോഗസ്ഥന്, റൊമാന്റിക് ഹീറോ, മുതലാളി, മത്സ്യത്തൊഴിലാളി, വിപ്ലവനായകന്, രാഷ്ട്രീയക്കാരന്, അങ്ങനെ ഏത് വേഷമാണെങ്കിലും മമ്മൂട്ടിക്ക് ചേരും.
പൊതുവേ എല്ലാവരും പറയുന്നതുപോലെ മമ്മൂട്ടി ഒരു പരുക്കനല്ലന്നു മധു പറയുന്നു. എന്നാല്‍ ആവശ്യമില്ലാതെ പല്ലിളിച്ച് കാണിക്കുന്ന സ്വഭാവം ഇല്ല. പറയാനുള്ളത് പറയുകയും ചെയ്യാനുള്ളത് ചെയ്യുകയും ചെയ്യും. ശബ്ദവും സൗന്ദര്യവും സൂക്ഷിക്കുന്ന മമ്മൂട്ടി അഭിനയം ഒരു ഉപാസന പോലെ കാണുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.