“പ്രേംനസീറിനു ശേഷം മലയാളം കണ്ട ഏറ്റവും സുന്ദരനായ നടന്‍ മമ്മൂട്ടിയാണ്” ശ്രീകുമാരന്‍ തമ്പി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സപ്തതി ലോകമെമ്പാടുമുള്ള മലയാളികള്‍ വളരെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ്. എഴുപതിലേക്ക് കടക്കുന്ന അദ്ദേഹത്തിന് ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജന്മദിനം ആശംസിച്ചുകൊണ്ട് പോസ്റ്റുകള്‍ പങ്ക് വച്ച് കഴിഞ്ഞു. നിരവധി പേരാണ് അദ്ദേഹത്തിണു ആശംസകളുമായി സമൂഹ മാധ്യമത്തില്‍ നിറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ഗാനരചയിതാവും, സംഗീത സംവിധായകനും, സംവിധായകനും, നിര്‍മ്മതാവും തിരക്കഥാകൃത്തുമൊക്കെയായ ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന്രം ഗത്തെത്തിയിരിക്കുകയാണ്.

പ്രേംനസീറിനു ശേഷം മലയാളം കണ്ട ഏറ്റവും സുന്ദരനായ നടന്‍ മമ്മൂട്ടിയാണെന്ന് അദ്ദേഹം കുറിക്കുന്നു. ശബ്ദഗാംഭീര്യവും ഒത്ത ഉയരവും അതിനനുസരിച്ചുള്ള ശരീരഭാഷയും മമ്മൂട്ടി എന്ന നടൻ്റെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. സുബ്രഹ്‌മണ്യം കുമാര്‍ നിര്‍മ്മിച്ച്‌ താന്‍ സംവിധാനം ചെയ്ത ‘മുന്നേറ്റം ‘ എന്നചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ തിരുവനന്തപുരത്തു എത്തുമ്പോഴാണ് താന്‍ ആദ്യമായി കാണുന്നതെന്ന് അദ്ദേഹം പറയുന്നു.  

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു വിമാനയാത്രയ്ക്കിടയില്‍ ഒരു  സിനിമാവാരികയില്‍ വന്ന ഫോട്ടോ കാണിച്ച് നടന്‍ സുകുമാരനാണ് മമ്മൂട്ടിയെക്കുറിച്ച്‌ തന്നോട് പറഞ്ഞതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ‘ഈ ചെറുപ്പക്കാരന്‍ കൊള്ളാം. സാര്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ ‘ എന്ന് സുകുമാരന്‍ പറയുകയുണ്ടായി. പിന്നീട് തന്‍റെ മുന്നേറ്റം എന്ന ചിത്രത്തില്‍  മമ്മൂട്ടി നായകനും രതീഷ് പ്രതിനായകനുമായിരുന്നു. തുടര്‍ന്നങ്ങോട്ട് മമ്മൂട്ടിക്കുണ്ടായ മാറ്റം അദ്ഭുതകരമായിരുന്നു. നിതാന്തമായ പഠനവും സ്ഥിരോത്സാഹവും കഠിനപ്രയത്‌നവും സ്വയം പരിശീലിച്ച്‌ നേടിയെടുത്ത അച്ചടക്കവുമാണ് മമ്മൂട്ടിയെ ഒരു മഹാനടനാക്കിയതെന്ന് അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി  ‘വിളിച്ചു,വിളികേട്ടു ‘ എന്ന ചിത്രം ശ്രീകുമാരന്‍ തമ്പി നിര്‍മ്മിക്കുകയുണ്ടായി. 

പക്ഷേ ആ സിനിമ തീയേറ്ററുകളില്‍ വിജയം വരിച്ചില്ല. എന്നാല്‍ യൂട്യൂബിലെ അദ്ദേഹത്തിന്‍റെ ഫിലിം ചാനലില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടത് ആ സിനിമയായിരുന്നു. ‘യുവജനോത്സവം ” ‘ബന്ധുക്കള്‍ ശത്രുക്കള്‍ ‘ എന്നീ ഹിറ്റ് ചിത്രങ്ങളെ പോലും ‘വിളിച്ചു വിളികേട്ടു ‘പിന്നിലാക്കി.  മമ്മൂട്ടിയുടെ നിത്യയൗവനത്തെ അഭിനന്ദിക്കുന്നുവെന്ന് കുറിച്ച അദ്ദേഹം  ഒരു നടന്‍ തൻ്റെ ദേഹം എങ്ങനെ സൂക്ഷിക്കണമെന്ന് പുതിയ നായകന്മാര്‍ മമ്മൂട്ടിയെ കണ്ടുപഠിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.