‘അല്ല ചേട്ടാ, ഇവനൊന്നും എന്നെ മൈന്‍ഡ് ചെയ്യുന്നില്ല. കാരണം എനിക്ക് സിനിമയൊന്നും ഇല്ലല്ലോ’ മമ്മൂട്ടി അന്ന് തിലകനോട് പരിഭവം പറഞ്ഞതും പിന്നീട് സംഭവിച്ചതും..

മമ്മൂട്ടിയും തിലകനും ഒരു കാലത്ത് വളരെ അടുത്ത സൌഹൃദം സൂക്ഷിച്ചിരുന്നവരായിരുന്നു. എന്നാല്‍ ഇടക്കെപ്പോഴോ ഇവര്‍ക്കിടയിലുണ്ടായിരുന്ന ഊഷ്മാളമായ ബന്ധം നഷ്ടമായി.  ചില തെറ്റിദ്ധാരണ മാത്രമായിരുന്നു ഇവര്‍ക്കിടയിലെ അകല്‍ച്ചയ്ക്ക് കാരണമായത്. ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് തിലകന്‍ പറഞ്ഞത് ഓണ്ലൈന്‍ മാധ്യമങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കുകയുണ്ടായി.
 

തനിയാവര്‍ത്തനത്തിനും ന്യൂഡല്‍ഹിക്കും മുന്‍പ്, മമ്മൂട്ടിക്ക് സിനിമയില്ലാത്ത ഒരു സമയമുണ്ടായിരുന്നു. തിലകന്‍ പറയുന്നു. ആ സമയത്ത് തങ്ങള്‍ ഒരുമിച്ച്‌ ഒരു സിനിമ ചെയ്യുന്നുണ്ടായിരുന്നു. സിനിമയുടെ സെറ്റില്‍ ഇരിക്കുമ്പോള്‍ പ്രൊഡക്ഷന്‍ ബോയ് ഒരു ചായ കൊണ്ടുവന്നു തന്നു. അപ്പോള്‍ മമ്മൂട്ടി പ്രൊഡക്ഷന്‍ ബോയിയോട് പറഞ്ഞു ‘ഇതില്‍ പെട്ട നടന്‍ തന്നെയാണ് ഞാന്‍, എനിക്കും കൂടി ഒരു ചായ താടാ,’ എന്ന്. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് താന്‍ മമ്മൂട്ടിയോട് ചോദിച്ചു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞത് , ‘അല്ല ചേട്ടാ, ഇവനൊന്നും എന്നെ മൈന്‍ഡ് ചെയ്യുന്നില്ല. കാരണം എനിക്ക് സിനിമയൊന്നും ഇല്ലല്ലോ,’ എന്ന്. അങ്ങനെ പറയുന്നത് ശരിയല്ലയെന്ന് പറഞ്ഞു മമ്മൂട്ടിയെ തിരുത്തിയെന്ന് തിലകന്‍ പറയുന്നു.  കൂടാതെ മമ്മൂട്ടി  ഇല്ലാത്ത പത്ത് വര്‍ഷം മലയാള സിനിമ മുന്നോട്ട് പോകില്ല എന്നും താന്‍  മമ്മൂട്ടിയോട് തിരിച്ചു പറഞ്ഞുവെന്ന് തിലകന്‍ പറയുന്നു. 

അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആണ് താന്‍ ലോഹിതദാസിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്യുന്ന തനിയാവര്‍ത്തനം ആയിരുന്നു ആദ്യ ചിത്രം. ആ സമയത്ത് സിബി മലയില്‍ തന്നെ വിളിച്ച്‌ ചോദിച്ചു, തനിയാവര്‍ത്തനത്തിലെ അധ്യാപകൻ്റെ വേഷം ആര് ചെയ്യണമെന്ന്. സംശയലേശമന്യേ താന്‍ പറഞ്ഞു അത് മമ്മൂട്ടി മതിയെന്ന്. മമ്മൂട്ടി ആ കഥാപാത്രം മനോഹരമായി ചെയ്തു. ആ സമയത്ത് തന്നെയാണ് മമ്മൂട്ടി മതിലുകള്‍ ചെയ്തത്. ഈ രണ്ട് ചിത്രങ്ങളും ഇറങ്ങിയ ശേഷം മമ്മൂട്ടി നേരില്‍ കണ്ട് മതിലുകള്‍ കണ്ടോ എന്ന് ചോദിച്ചു,  രണ്ട് സിനിമകളും നന്നായിരിക്കുന്നു എന്നും ഇത്തവണത്തെ  സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ആ ചിത്രങ്ങള്‍ക്ക് ലഭിക്കുമെന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞു. സ്റ്റേറ്റ് അവാര്‍ഡ് ചിലപ്പോള്‍ കിട്ടുമായിരിക്കും പക്ഷേ നാഷണല്‍ അവാര്‍ഡ് കിട്ടില്ല എന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്. രണ്ട് അവാര്‍ഡും കിട്ടും 5,000 രൂപയ്ക്ക് ബെറ്റ് വയ്ക്കുന്നു എന്ന് മമ്മൂട്ടിയോട് പറഞ്ഞു. ആ വര്‍ഷം സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും മമ്മൂട്ടിക്ക് കിട്ടി. പക്ഷേ, ബെറ്റ് വച്ച 5,000 രൂപ മമ്മൂട്ടി തന്നില്ലന്നു അന്ന് തിലകന്‍ പറയുകയുണ്ടായി..

Leave a Reply

Your email address will not be published.