മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി സപ്തതിയുടെ നിറവിലേക്ക് കടന്നിരിക്കുകയാണ്. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മുഹമ്മദ് കുട്ടി മമ്മൂട്ടി എന്ന പേരില്‍ മലയാളത്തിൻ്റെ പൌരുഷം ആയി മാറിയിട്ട് വര്‍ഷം പലത് കഴിഞ്ഞിരിക്കുന്നു. സിനിമ മമ്മൂട്ടിയെ തിരിച്ചറിയുകയായിരുന്നു എന്നതാണ് സത്യം. എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര കഥാപാത്രങ്ങള്‍ ആ കരിയറിലുണ്ടായിട്ടുണ്ട്. മലയാളിയെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണീരണിയിക്കുകയും ചെയ്ത എത്രയെത്ര കഥാപാത്രങ്ങള്‍ ഇതിനോടകം ആ മനുഷ്യന് അവതരിപ്പിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ ഇന്നോളമുള്ള കരിയറില്‍ ശ്രദ്ധിക്കപ്പെട്ട നൂറുകണക്കിനു കഥാപാത്രങ്ങള്‍ ഉണ്ട്.

മമ്മൂട്ടിയുമൊരുമിച്ച് മികച്ച ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് രഞ്ജിത്ത്. മോഹന്‍ലാലിനെ നായകനാക്കി രാവണപ്രഭു എന്ന ചിത്രം ചെയ്തുകൊണ്ടാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ രഞ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ചതാകട്ടെ മമ്മൂട്ടിക്കും. അത്തരത്തില്‍ ഒരു മികച്ച ചിത്രമാണ് കയ്യൊപ്പ്.
മമ്മൂട്ടിയുമായി ക്യാഷ്വലായി സംസാരിച്ചിരിക്കുന്നതിനിടെയാണ് രഞ്ജിത്ത് കയ്യൊപ്പിന്റെ കഥ പറയുന്നത്. ആരെ നായകനാക്കണമെന്ന് അന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ലായിരുന്നു. മാത്രവുമല്ല കയ്യൊപ്പ് എന്ന സിനിമയുടെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ചുരുങ്ങിയ ചെലവില്‍ താന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതെന്നും രഞ്ജിത്ത് മമ്മൂട്ടിയോട് പറഞ്ഞു. ഉടന്‍ മമ്മൂട്ടി ചോദിച്ചത്, ‘ഈ ബാലചന്ദ്രന് എന്ന കഥാപാത്രത്തിന് എത്രനാള്‍ ഷൂട്ട് വേണ്ടിവരും’ എന്നായിരുന്നു. കയ്യൊപ്പിലെ നായക കഥാപാത്രത്തിൻ്റെ പേര് ബാലചന്ദ്രന് എന്നാണ്.

‘നിങ്ങള്‍ക്ക് റെമ്യൂണറേഷന്‍ തരാനുള്ള വക എനിക്കില്ല’ എന്നായിരുന്നു രഞ്ജിത്ത് ഇതിന് മറുപടി പറഞ്ഞത്. ‘ചോദിച്ചത് പ്രതിഫലം അല്ല, എൻ്റെ എത്രനാള്‍ വേണമെന്നാണ്,’ എന്നതായി മമ്മൂട്ടിയുടെ മറു ചോദ്യം. ബാലചന്ദ്രന് എന്ന കഥാപാത്രത്തിനു വേണ്ടി തനിക്ക് ഒരു പൈസ പോലും വേണ്ടന്നു മമ്മൂട്ടി രഞ്ജിത്തിനോട് പറഞ്ഞു. അങ്ങനെയാണ് ആ ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നത്. പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ചത്. പതിനാലു ദിവസം കൊണ്ട് തനിക്ക് സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും രഞ്ജിത്ത് പിന്നീട് പറയുകയുണ്ടായി.