യുവ മോഡലിനെതിരെ പുതിയ വിവാദം; ഒടുവില്‍ ചിത്രം പിന്‍വലിച്ച് മോഡല്‍ തടിയൂരി..

പുതിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടിരികുകയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍. ഇത്തവണ ഒരു ഫോട്ടോ ഷൂട്ടാണ് വിവാദത്തിന് കരണമായത്. പള്ളിയോടത്തില്‍ ഫോട്ടോഷൂട്ട് നടത്തിയ സോഷ്യല്‍ മീഡിയ താരം നിമിഷയാണ്  കുടുങ്ങിയിരിക്കുന്നത്.  താരത്തിനെതിരെ നവ മാധ്യമങ്ങളില്‍ പ്രതിഷേധം കത്തുകയാണ്. പുടുക്കുളങ്ങര പള്ളിയോടത്തില്‍ ചെരിപ്പിട്ടു കയറിയ ചാലക്കുടി സ്വദേശിനി നിമിഷയ്‌ക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി ആര്‍ പിള്ള എന്നിവര്‍ വ്യക്തമാക്കി.

വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറാറുള്ളത്. അത് മാത്രവുമല്ല  സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലന്നാണ് ആചാരം. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട്  നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ ചവിട്ടി കയറിയത്.

സാധാരണയായി  പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ്. ഈ സ്ഥലങ്ങളില്‍ പോലും ആരും
പാദരക്ഷകള്‍ ഉപയോഗിക്കാറില്ല. ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയില്‍ ഉള്ളതിനാല്‍  അവരുടെ അനുമചിയില്ലാതെ പള്ളിയോടങ്ങളിലോ അതുമായി ബന്ധപ്പെട്ട പുരയിലോ കയറാന്‍ പാടില്ല എന്നതാണു കീഴ്വഴക്കം. 

വിശേഷസമയങ്ങളായ ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ തുടങ്ങിയ  ആചാരപരമായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കാറുള്ളൂ. 

പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത് പോലും ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷമാണ്. ഭക്തര്‍ ഏറെ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് കരകളില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ചിത്രം സൈബറിടങ്ങളില്‍  വയറലായതോടെയാണ് യുവതിക്കെതിരെ പ്രതിഷേധം കനത്തത്.

കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ വിഷമത്തില്‍  ക്ഷമ ചോദിക്കുന്നതായി നിമിഷ പറഞ്ഞിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ ഇവര്‍ നവ മാദ്ധ്യമങ്ങളില്‍ നിന്ന് പള്ളിയോടത്തില്‍ കയറി നില്‍ക്കുന്ന ഫോട്ടോ ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published.