1992 സെപ്റ്റംബര്‍ മൂന്നിനാണ് അരശും മൂട്ടില് അപ്പുക്കുട്ടനും തൈപ്പറമ്പില്‍ അശോകനും മലയാളി പ്രേക്ഷകരുടെ ഹൃദയവാതില്‍ തള്ളി തുറന്ന് അകത്ത് കടന്നത്. യോദ്ധാ എന്ന ചിത്രത്തിലെ ഒരു ഡയാലോഗെങ്കിലും പറയാത്ത മലയാളികള്‍ വിരളമാണ്. ചിത്രം റിലീസ് ആയി 29 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസ്സില്‍ ആ സിനിമയുടെ ഓരോ രംഗങ്ങളും നിറഞ്ഞു നില്ക്കുന്നു. ഇസൈ പുയല്‍ ഏ ആര് റഹ്മാന് സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇന്നും സൂപ്പര്‍ ഹിറ്റ് ആണ്. ചിത്രത്തിലെ ‘പടകാളി’ എന്ന് തുടങ്ങുന്ന ഗാനം ദൃശ്യ ഭംഗി കൊണ്ടും വ്യത്യസ്ഥമായ സംഗീതം കൊണ്ട് ഇന്നും സൂപ്പര്‍ഹിറ്റാണ്. എന്നാല്‍ ഈ ഗാനത്തിൻ്റെ ചിത്രീകരണം യഥാര്‍ഥത്തില്‍ നമ്മള് ഇപ്പോള്‍ കാണുന്ന തരത്തില്‍ ആയിരുന്നില്ല ചിത്രീകരിക്കാന്‍ സംവിധായകന് ഉദ്ദേശിച്ചിരുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസിലാണ് ഈ പാട്ടിൻ്റെ ചിത്രീകരണം ആദ്യം ആലോചിച്ചിരുന്നത്. ഇതേക്കുറിച്ച് യോദ്ധയുടെ സംവിധായകന് സംഗീത് ശിവന് ഒരിയ്ക്കല്‍ പറയുകയുണ്ടായി.

താന്‍ കൂടുതല്‍ വിശാലമായ കാന്‍വാസില്‍ ആര്‍ഭാടപൂര്‍വം ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച പാട്ടായിരുന്നു അത്. ഒരു മിനി തൃശൂര്‍ പൂരത്തിൻ്റെ മാതൃകയില്‍. ചിരവൈരികളായ രണ്ടു ക്ലബുകളുടെ ക്യാപ്റ്റന്മാര് തമ്മിലുള്ള പൊരിഞ്ഞ മത്സരമാണ്. ആനകളും ചെണ്ടമേളവും ഒക്കെയുള്ള ഒരു പൂരപ്പറമ്പില്‍ നൂറു കണക്കിന് ആളുകളെ വെച്ച് അത് ചിത്രീകരിക്കണം എന്നായിരുന്നു തീരുമാനിച്ചത്. പക്ഷേ പ്രതികൂലമായ കാലാവസ്ഥ ആയിരുന്നു വെല്ലുവിളി. തുടര്‍ച്ചയായി മൂന്നു ദിവസ്സം മഴ തുടര്‍ന്നു. ഒടുവില്‍ മറ്റ് വഴിയില്ലാതെ ഒരുപന്തല്‍ വലിച്ചുകെട്ടി പാട്ടു ഷൂട്ട് ചെയ്യേണ്ടി വന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഷൂട്ട് ചെയ്തിട്ടും ആ ഗാന രംഗം മോശമായില്ല എന്ന് പലരും പറയുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നാറുണ്ടെന്ന് സംഗീത് ശിവന് പറയുന്നു.