വാരിയന്‍ കുന്നനില്‍ നിന്നും അവര്‍ പിന്‍മാറാന്‍ കാരണം ആ പറഞ്ഞതൊന്നുമല്ല; ആലപ്പി അഷറഫ്.

കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വാരിയന്‍ കുന്നന്‍ വിവാദം പുകയുകയാണ്.  ഈ ചിത്രം ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ വിവാദം അതിന്‍റെ പിന്‍മാറ്റത്തിലും അവസാനിച്ചിട്ടില്ല. ചരിത്രത്തിലെ ശരിതെറ്റുകളുമായി ബന്ധപ്പെട്ട വാദപ്രതിവദങ്ങള്‍ക്കൊടുവില്‍ വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്നും താനും പൃഥ്വിരാജും പിന്മാറുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഈ ചിത്രം നിര്‍മ്മിക്കാനുറച്ച് മറ്റ് പലരും രംഗത്ത് വന്നിരുന്നു. അതില്‍ പ്രധാനി ആയിരുന്നു ഒമര്‍ ലുലു. അദ്ദേഹം ബാബു ആൻ്റണിയെ വച്ച് ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ‘1921’ എന്ന ചിത്രം ഒരിക്കല്‍ കൂടി കണ്ടതാണ് തന്‍റെ പിന്‍മാറ്റത്തിൻ്റെ കാരണമെന്ന വിചിത്രമായ അഭിപ്രായപ്രകടനമാണ് ഒമര്‍ ലുലു നടത്തിയത്.   

എന്നാല്‍ ആഷിക് അബുവും പൃഥ്വിരാജും ചിത്രത്തില്‍ നിന്നും പിന്മാറിയതിൻ്റെ കാരണം പറയുകയാണ് പ്രശസ്ത സംവിധായകന്‍ ആലപ്പി അഷറഫ്. കോടികള്‍ മുടക്കി എടുക്കേണ്ട ചിത്രമാണ് വാരിയംകുന്നന്‍. പക്ഷേ മുടക്കു മുതല്‍ തിരിച്ചുകിട്ടുന്ന സാമൂഹിക സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. വര്‍ഗീത മൂലം സമൂഹം  മുഴുവന്‍ കലുഷിതമായി മാറി. ഇതിനുള്ള  ഉദാഹരണമാണ് ആര്യാടന്‍ ഷൗക്കത്തിൻ്റെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2020 ജൂണിലാണ് ഈ ചിത്രം ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന്‍റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ  സൈബര്‍ ആക്രമണം ഉണ്ടായി. പക്ഷേ വിവാദങ്ങളോ ചര്‍ച്ചകളോ കാരണം അല്ല താന്‍ സിനിമയില്‍ നിന്നും പിന്മാറുന്നത്, മറിച്ച്  നിര്‍മ്മാതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമ വേണ്ടെന്ന് വെയ്ക്കുന്നതെന്നായിരുന്നു ആഷിഖ് അബു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.