തോപ്പില്‍ഭാസിയുടെ മകന്, പെരുന്തച്ചന് എന്ന ക്ലാസ്സിക് ചിത്രത്തിന്റെ സംവിധായകന്. ഒരേ ഒരു സിനിമയില്‍ മാത്രം ഒതുങ്ങിപ്പോയ കലാ സപര്യ. എന്തുകൊണ്ടാണ് അദ്ദേഹം മറ്റൊരു ചിത്രം കൂടി ചെയ്യാതിരുന്നത്. ഇതേക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തുകയാണ് പത്രപവര്ത്തകന് റോയി മാത്യു. താന്‍ ഈയടുത്തൊന്നും ഇത്ര ആര്‍ത്തിയോടെ ഒരു പുസ്തകം വായിച്ചിട്ടില്ലന്നു അദ്ദേഹം പറയുന്നു. സിനിമാ ലോകത്തെ ചതിയുടേയും അധോലോക സംസ്കാരത്തിന്റേയും നേര് സത്യങ്ങള്‍ പറയുന്നതാണ്

‘മകുടത്തില്‍ ഒരു വരി ബാക്കി’ എന്ന പെരുന്തച്ചന് എന്ന ഒറ്റച്ചിത്രം മാത്രം സംവിധാനം ചെയ്ത് മലയാളികളെ ത്രസിപ്പിച്ച അജയന്റെ ആത്മകഥയെന്ന് അദ്ദേഹം കുറിച്ചു. പെരുന്തച്ചനു ശേഷം എം ടിയുടെ മാണിക്യക്കല്ല് എന്ന ചിത്രം നിര്‍മ്മിക്കാമെന്ന് ഗുഡ് നൈറ്റ് മോഹന്‍ സമ്മതിക്കുകയും പിന്നീടത് അട്ടിമറിക്കപ്പെടുകയും ചെയ്തതോടെയാണ് അജയൻ്റെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്. അജയന്റെ സ്വപ്ന പദ്ധതിയായിരുന്നു മാണിക്യക്കല്ല് – പെരുന്തച്ചന് മുന്നേ എം ടി തിരക്കഥ എഴുതിക്കൊടുത്തത് മാണിക്യക്കല്ലായിരുന്നു. പക്ഷേ, ആദ്യം ചിത്രീകരിച്ചത് പെരുന്തച്ചനായിരുന്നു.
മാണിക്യക്കല്ലിൻ്റെ സാങ്കേതിക വശങ്ങളെപ്പറ്റിയും അതിന്റെ ഗ്രാഫിക്സിനെക്കുറിച്ചും പഠിക്കാന്‍ നിര്‍മ്മാതാവ് മോഹനും ക്യാമറമാന് മധു അമ്പാട്ടുമൊത്ത് അമേരിക്കയിലേക്ക് പോകാന്‍ ബോംബെയിലെത്തിയതായിരുന്നു അദ്ദേഹം. ഇതേ ഹോട്ടല്‍ മുറിയില്‍ മോഹനേക്കാണാന് സംവിധായകന് പ്രിയദര്ശനുമെത്തുന്നു. അന്നു തന്നെ അവര്‍ ലോസാഞ്ചല്സിലേക്ക് യാത്ര തിരിക്കുന്നു. അവിടെ, അമേരിക്കയില്‍ എത്തിയതോടെ മാണിക്യക്കല്ലിൻ്റെ കഷ്ടകാലം ആരഭിച്ചു.

മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളില്‍ ചിത്രീകരിക്കാനാണ് ആദ്യം മോഹന്‍ സമ്മതിച്ചത്. ഇതിനിടയില്‍ സൂപ്പര്‍ സ്റ്റാറുകളെ വെച്ച് പടം ചെയ്യണമെന്ന നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശം കുട്ടികള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ആവശ്യമില്ലന്നു അജയന് പറയുന്നതോടെ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നു. മലയാളത്തില്‍ മോഹന്‍ലാലും , ഹിന്ദിയില്‍ സല്മാന് ഖാനും അഭിനയിക്കണമെന്നായിരുന്നു നിര്‍മാതാവിന്റെ ആവശ്യം, എന്നാല്‍ അജയന് അത് നിരസ്സിച്ചു.
പിന്നീടൊരിക്കല്‍ മോഹൻ്റെ തിരുവനന്തപുരത്തുള്ള ഓഫീസില്‍ നിന്നൊരാള്‍ അജയനെ കാണാന്‍ ചെന്നു. ഒരു പേപ്പര്‍ ഒപ്പിടിക്കാനാണ് അയാള്‍ എത്തിയത്. മാണിക്യക്കല്ലിൻ്റെ മലയാളത്തിലുള്ള അവകാശം കൈമാറാനുള്ള പേപ്പറായിരുന്നു അത്. അതോട് കൂടിയാണ് മാണിക്യക്കല്ല് എന്ന സ്വപ്ന പദ്ധതിക്ക് പറ്റിയ ദുരന്തം അജയന് അറിയുന്നത്.

പിന്നീട് മാണിക്യക്കല്ല് പ്രിയദര്ശന് സംവിധാനം ചെയ്യുമെന്നുള്ള വാര്‍ത്തകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. ഇത് കൂടി കേട്ടതോടെ അജയന് മാനസികമായി തകര്‍ന്നു, സ്വയം തന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞു. മദ്യപാനവും രോഗവുമായി ഒതുങ്ങി. പെരുന്തച്ചന് എന്ന ക്ലാസ്സിക് ചിത്രം സംവിധാനം ചെയ്ത പ്രതിഭാശാലിയാണ് ഈ രീതിയില്‍ എരിഞ്ഞടങ്ങിയത്. നിര്‍മാതാവ് താന്‍ അറിയാതെ മറ്റ് ഭാഷകളിലേക്കുള്ള അവകാശം പോലും തട്ടിയെടുക്കാന്‍ ശ്രമിച്ചതായും അജയന് പിന്നീട് എഴുതിയിട്ടുണ്ട്.
അജയനെന്ന പ്രതിഭയെ തകര്‍ത്ത് തരിപ്പണമാക്കിയ നിര്‍മ്മാതാവും സംവിധായകനും കാലത്തിൻ്റെ വിചാരണ നേരിടുമായിരിക്കുമെന്നും റോയി മാത്യൂ തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ കുറിച്ചു.