ഹോം എന്ന ചിത്രം കൂടി പുറത്തിറങ്ങിയതോടെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ നിറയെ ഇന്ദ്രന്‍സ് എന്ന നടനെക്കുറിച്ചുള്ള വാര്‍ത്തകളാണ്. പൊടിപ്പും തൊങ്ങലും വച്ച് നിരവധി കഥകളാണ് പല ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഈ കലാകാരനെക്കുറിച്ച് പ്രസ്സിദ്ധീകരിക്കുന്നത്. അത് ഈ നടന്റെ വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയുടെ ലക്ഷണം കൂടിയാണ്. ഒരു കലാകാരന് ഇത്രയും എളിമയോടെ പെരുമാറാന്‍ കഴിയുന്നത് തന്നെ അപൂര്‍വമായി മാത്രം കണ്ടു വരുന്ന സ്വഭാവ ഗുണം ആണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

ഇന്ദ്രന്‍സ് എന്ന നടൻ്റെ കരിയറില്‍ വലിയ ഹിറ്റായി മാറിയ ഒരു കോമഡി രംഗമാണ് ‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിലെ കവിത ചൊല്ലുന്ന രംഗം. എന്നാല്‍ തീയറ്ററുകളില്‍ പൊട്ടിച്ചിരി ഉതിര്‍ത്ത ആ നര്‍മ രംഗത്തിനു പിന്നിലെ ശാരീരിക അധ്വാനത്തെക്കുറിച്ച് ഇന്ദ്രന്‍സ് പിന്നീടൊരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തിലാണ് തൻ്റെ പഴയകാല ചിത്രത്തിലെ നര്‍മ രംഗത്തെക്കുറിച്ച് സംസാരിച്ചത്.
ഇനി അത്തരം ഒരു കോമഡി ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് അദ്ദേഹം പറയുന്നു. പലരും ആ ചിത്രത്തിലെ കവിത ഒന്ന് പാടുമോ എന്ന് ചോദിച്ചിട്ടുണ്ട്. അത് ആദ്യം പ്ലാന്‍ ചെയ്തത് രണ്ടു വരി കവിത മാത്രമായിട്ടാണ് അതുകൊണ്ട് തന്നെ വീണ്ടും ഒരിക്കല്‍ കൂടി പാടാന്‍ പറ്റില്ലന്നു അദ്ദേഹം പറയുന്നു. പക്ഷേ തന്റെ കഴുത്ത് മതിലില്‍ കുടുങ്ങിയപ്പോള്‍ സംഗതി ആകെ കൈവിട്ടു പോയി. ആ രംഗം പ്ലാന്‍ ചെയ്തതില്‍ പിശക് സംഭവിച്ചിരുന്നു. ആ കവിത പാടി കഴിഞ്ഞു എന്‍എല്‍ ബാലകൃഷ്ണന് വന്നു കാലില്‍ പിടിക്കുമ്പോള്‍ കട്ട് ചെയ്യേണ്ടതായിരുന്നു. പക്ഷേ കഴുത്ത് തിരിക്കാനും കഴിയുന്നില്ല അദ്ദേഹം പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കട്ട് പറയാന്‍ നേരം ആ മൂഡില്‍ നിന്നു മാറാന്‍ പാടില്ലാത്തതുകൊണ്ട് സ്ക്രിപ്റ്റില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ‘ആരോ പിടിച്ചു വലിയ്ക്കുന്നു’ എന്ന മാസ്റ്റര്‍ ഡയലോഗ് അങ്ങനെ സംഭവിച്ചതാണ്. സത്യത്തില്‍ താന്‍ അനുഭവിച്ച ഒരു പ്രാണവേദന കൂടി ആ സീനിലുണ്ടെന്ന് ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.