മലയാള ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാധനനായ അഭിനേതാക്കളിൽ ഒരാളാണ് നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ. മോളീവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം ഇതിനോടകം ലയാളത്തിലും തമിഴിലുമായി 500ല്‍ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പലപ്പോഴായി വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ അഭിനയ കുലപതിയെ തേടിയെത്തിയിട്ടുണ്ട്.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കാഴ്ചക്കാരെ അത്ഭുത പരതന്ത്രരാക്കാനുള്ള കഴിവ് നെടുമുടി വേണുവിനുണ്ട്. ആദ്യ കാലങ്ങളില്‍ കച്ചവട സിനിമകളുടെ ഭാഗമാകുന്നതിനു പോലും മടിയുള്ള നടനായിരുന്നു അദ്ദേഹം. ഗൗരവതരമായ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനം ആയിരുന്നു അന്നദ്ദേഹത്തിന്. അക്കാലത്താണ് സിനിമാ മോഹവും നെഞ്ചിലേറ്റി ഒരു കൂട്ടം യുവാക്കള്‍ നെടുമുടി വേണുവിനെ കാണാന്‍ എത്തുന്നത്.

അന്ന് കച്ചവട സിനിമയുടെ ഭാഗം ആവരുത് എന്നൊരു തീരുമാനം തനിക്കുണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. കച്ചവട സിനിമയിലേക്ക് ആകരുത് പോകേണ്ടത് എന്നായിരുന്നു തന്റെ ചിന്ത. സിനിമ ചെയ്യണമെന്നും പറഞ്ഞ് കുറച്ച് പിള്ളേര് വന്നപ്പോള്‍ തനിക്ക് കളിയായിട്ടാണ് തോന്നിയത്. വളരെ കുറച്ച് ചെറുപ്പക്കാര്‍ മാത്രം. ആ കൂട്ടത്തിലുള്ള നടന് അശോകനെ മാത്രമേ നേരത്തെ അറിയുമായിരുന്നുള്ളൂ. വേറെ ആരെയും അറിയില്ല. കൂടാതെ തന്നെ കാണാന്‍ വന്ന പിള്ളേരില്‍ ആര്‍ക്കും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലായി. ആ കൂട്ടത്തില്‍ മോഹന്‍ലാലിനെ അന്നേ ശ്രദ്ധിച്ചിരുന്നു. ഒരു അമൂല്‍ ബേബിയെ പോലെ, കണ്ടാല്‍ കൗതുകം തോന്നുന്ന ഒരു പയ്യന്. താന്‍ ഇതിനൊന്നും നിന്നുതരില്ലെന്ന് പിള്ളേരോട് അപ്പോള്‍ തന്നെ പറഞ്ഞു. പോയി വേറെ പണി നോക്ക് എന്നും പറഞ്ഞ് അവരെ മടക്കി അയച്ചു. പക്ഷേ, അപ്പോഴും ലാലിൻ്റെ മുഖം തന്റെ മനസില്‍ പതിഞ്ഞു കിടന്നിരുന്നുവെന്ന് നെടുമുടി വേണു ഓര്‍മയില്‍ നിന്നും പറഞ്ഞു.
