ഡ്രഗ് മാഫിയ കേരളത്തില്‍ വേരുറപ്പിക്കുന്നു എന്ന വാര്‍ത്താ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ അതാവട്ടെ ഇനീ തങ്ങളുടെ സിനിമയെന്ന് ഷാജി കൈലാസും രണ്‍ജി പണിക്കരും തീരുമാനിച്ചു. അതിൻ്റെ പരിണിത ഫലമായിരുന്നു ‘ഏകലവ്യന്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം.

മാധവന് ഐപിഎസ് എന്ന കേന്ദ്ര കഥാപാത്രം മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കാനായിരുന്നു ഷാജി കൈലാസും രണ്‍ജി പണിക്കരും ആദ്യം തീരുമാനിച്ചത്. മാധവന്റെ ഒപ്പമുള്ള ശരത് എന്ന ഉദ്യോഗസ്ഥനായി സുരേഷ് ഗോപിയും. മമ്മൂട്ടിയോട് സംസാരിച്ചു. മമ്മൂട്ടി സമ്മതിക്കുകയും ചെയ്തു, എന്നാല്‍ പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറി.
‘ഇത് സുരേഷ്ഗോപി ചെയ്താല്‍ നന്നായിരിക്കും’ എന്ന നിര്‍ദ്ദേശം വച്ചത് മമ്മൂട്ടി ആയിരുന്നു. കൂടാതെ താന്‍ ഇതില്‍ അഭിനയിക്കുന്നില്ലെന്നും അറിയിച്ചു. ആ ചിത്രം നിരസിക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ഇന്നും വ്യക്തമല്ല. ചിത്രത്തിലെ ചില ഡയലോഗുകള്‍ മമ്മൂട്ടി ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പിന്നീട് പറഞ്ഞു കേട്ടു. ആ നിരാശത്തിന് പിന്നില്‍ ‘മമ്മൂട്ടിക്ക് മാത്രമറിയാവുന്ന അജ്ഞാതമായ ഏതോ കാരണം’ ഉണ്ടെന്നാണ് ഷാജി കൈലാസ് ഈ പിന്മാറ്റത്തേക്കുറിച്ച് പിന്നീട് പറഞ്ഞത്.
അങ്ങനെയാണ് ഏകലവ്യനില്‍ സുരേഷ് ഗോപിയെ നായകനാക്കാന്‍ ഷാജി കൈലാസ് തീരുമാനിക്കുന്നത്. സുരേഷ് ഗോപിക്കായി തീരുമാനിച്ച ശരത് എന്ന കഥാപാത്രത്തെ സിദ്ദിഖും അവതരിപ്പിച്ചു. ഈ സിനിമയോടെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പര്‍താരമായി സുരേഷ്ഗോപി മാറി. സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രമായി നരേന്ദ്രപ്രസാദ് നിറഞ്ഞാടി.
‘സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല. ആയുഷ്മാന്‍ ഭവഃ’- എന്ന ഏകലവ്യനിലെ ഡയലോഗുകള്‍ തിയേറ്ററുകളില്‍ നിറ കയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.