തിരശീലക്കു മുന്നിലും പിന്നിലും ഒരേപോലെ സൌഹൃദം കാത്ത് സൂക്ഷിയ്ക്കുന്ന അഭിനേതാക്കളാണ് പൊതുവേ മലയാള സിനിമയില്‍ ഉള്ളത്. ഇവര്‍ക്കിടയില്‍ വളരെ ആഴത്തിലുള്ള ഒരു ഹൃദയ ബന്ധം വേരോടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കട്ട് പറഞ്ഞാലും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം മുറിയാതെ തുടര്‍ന്നു പോരുന്നു. ഇത്തരത്തില്‍ ഓഫ് സ്ക്രീന്‍ ആയി നടന്ന ഒരു സംഭവത്തിന്റെ ഓർമ പങ്ക് വാക്കുകയാണ് ബിജു മേനോന്. വടക്കും നാഥന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സംഭവം. ഹരിദ്വാറില്‍ വടക്കുനാഥന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഉണ്ടായ സംഭവമാണ് അദ്ദേഹം വിവരിച്ചത്.

ഹരിദ്വാറില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ആശ്രമത്തിൻ്റെ ഗസ്റ്റ് ഹൗസിലായിരുന്നു അന്ന് എല്ലാവരും താമസിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ എല്ലാവരും ഒത്തുകൂടുന്ന പതിവുണ്ടായിരുന്നു. മിക്കവാറും മോഹന്‍ലാലിൻ്റെ റൂമിലായിരിക്കും ഈ സദസ് ഉണ്ടാവുക. അപ്പോഴാണ് താനൊരു പാട്ട് പാടിയത്. എന്നാല്‍ അപ്രതീക്ഷിതമായി ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മട്ടും ഭാവവും മാറി. തന്നോട് വല്ലാതെ ദേഷ്യപ്പെടാന്‍ തുടങ്ങി.
‘നിനക്ക് അക്ഷരം അറിയാമോടാ’ എന്ന് ആക്രോശിച്ചു കൊണ്ട് തനിക്ക് നേരെ വന്നു. പിന്നീട് വായിക്കാന്‍ എപിജെ അബ്ദുള്‍ കലാമിൻ്റെ ഒരു പുസ്തകവും തന്നു. താന്‍ അതും വാങ്ങി മുറിക്ക് പുറത്തിറങ്ങി. അന്ന് പാടിയത് ഗിരീഷ് എഴുതിയ ബാലേട്ടനിലെ ‘ഇന്നലെ എൻ്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.’ എന്ന ഗാനമാണ്. പക്ഷേ പാടിയത് മംഗ്ലീഷിലാണ്.

‘യെസ്റ്റര്‍ഡേ എൻ്റെ ചെസ്റ്റിലെ സ്മാള്‍ സോയില്‍ ലാമ്പ് ഊതിയില്ലേ.എന്നായിരുന്നു താന്‍ പാടിയ വരികള്‍. ആ പാട്ടിനെ വികൃതമാക്കിയതിൻ്റെ ദേഷ്യമാണ് ഗിരീഷ് പുത്തഞ്ചേരി പ്രകടിപ്പിച്ചത്. എന്നാല്‍ അടുത്ത ദിവസം രാവിലെ അങ്ങനെയൊരു സംഭവം നടന്ന ഭാവം പോലും അദ്ദേഹത്തിൻ്റെ മുഖത്ത് ഉണ്ടായിരുന്നില്ലന്നും ബിജു മേനോന് പറയുന്നു.