“പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താല്‍ പഴഞ്ചനായിപ്പോയി എന്ന് പറയും” കനക

ഒരു കാലത്ത് സൌത്ത് ഇന്ത്യയില്‍ ആകമാനം തിളങ്ങി നിന്ന താരമായിരുന്ന കനക തനിക്ക് വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തണമെന്ന ആഗ്രഹവുമായി ഒരു വീഡിയോയിലൂടെ വീണ്ടും രംഗത്ത് വന്നിരിക്കുന്നു. മുകേഷിൻ്റെ  നായികയായി ഗോഡ്ഫാദറിലൂടെ  മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച കനക തമിഴിലെ ഒട്ടുമിക്ക നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയിട്ടുണ്ട്. ഈ മഴ തേന്‍ മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.

അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30, 32 വര്‍ഷത്തിലേറെയായെന്ന് കനക ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം എല്ലാം പഴയതായി. ഇപ്പോള്‍  50 വയസിനടുത്തായി പ്രായം. കാലം ഒരുപാടു മാറി ഇനീ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേയ്ക്കപ്പ്, ഹെയര്‍സ്റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം ഒത്തിരി മാറിയിട്ടുണ്ട്. പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താല്‍ പഴഞ്ചനായിപ്പോയി എന്ന് പറയും. ഒരു പത്തു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാന്‍ കഴിയൂ. ഇതിനിടയില്‍ ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ല. ചില വ്യക്തി പരായമായ കാര്യങ്ങളാണ് കാരണം. 

തനിക്ക് പ്രായമായതുകൊണ്ട് ചെറിയ പ്രായത്തിലേത് പോലെ  പഠിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരുപാട് നാള്‍ എടുത്തേക്കാം. എന്നാല്‍ മനസില്‍ ആഗ്രഹം ഉണ്ടെങ്കില്‍ എന്തും പെട്ടെന്ന് പഠിക്കാന്‍ കഴിയും എന്നാണ് തൻ്റെ  വിശ്വസം. കഷ്ടപ്പെട്ടായാലും പഠിക്കും. ഇനിയഥവാ  ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് ആരും ചോദിക്കില്ല. വയസായ കാലത്താണോ ഇങ്ങനെ ബോധമുദിച്ചതെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.

എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ അറിയിക്കാന്‍ ആരും മടിക്കേണ്ടതില്ല.  വിമര്‍ശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ഏല്‍പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നത് ഓരോരുത്തരുടെയും ആഗ്രഹമാണെന്നും അവര്‍ പുറത്തു വിട്ട വീഡിയോയില്‍ പറയുന്നു.

Leave a Reply

Your email address will not be published.