മലയാളത്തിലെ ഏറ്റവും വിജയം വരിച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പീ നായരമ്പലം. ഹാസ്യം കൈകാര്യം ചെയ്യുന്നതിനില്‍ അദ്ദേഹത്തിനുള്ള വൈദഗ്ദ്ധ്യത എടുത്തു പറയേണ്ടതാണ്. തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ ഒരുപിടി ചിത്രങ്ങള്‍ അദ്ദേഹത്തിൻ്റെതായുണ്ട്. അക്കൂട്ടത്തില്‍ കള്‍ട്ട് എന്നു തോണിക്കാവുന്ന ഒരു കഥാപാത്രമാണ് ദശമൂലം ദാമു. അദ്ദേഹത്തിന്റെ മറ്റ് കഥാപാത്ര സൃഷ്ടികളില്‍ നിന്നൊക്കെ അത് വേറിട്ട് നിൽക്കുന്നു. മമ്മൂട്ടി നായകനായ ‘ചട്ടമ്പി നാട്’ ഒരു സൂപ്പര്‍ താര ചിത്രമെന്ന നിലയില്‍ മാത്രമല്ല ഇന്ന് അറിയപ്പെടുന്നത്, ദശമൂലം ദാമുവിനെ ഒരു ഉത്സവം പോലെ ആഘോഷമാക്കിയ സിനിമ എന്ന പേരില്‍ കൂടിയാണ് ഷാഫി സംവിധാനം ചെയ്ത ‘ചട്ടമ്പി നാട്’ അറിയപ്പെടുന്നത്. അതേ സമയം സുരാജിൻ്റെ ഈ ഒരു കഥാപാത്രത്തെ മുന്‍ നിര്‍ത്തി ഷാഫിയും അണിയറപ്രവര്‍ത്തകരും ദശമൂലം ദാമുവിനെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ദശമൂലം ദാമുവിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വച്ച് ബെന്നി പി നായരമ്പലം സംസാരിക്കുകയുണ്ടായി. ദശമൂലം ദാമു അരിഷ്ടം കുടിച്ചിട്ട് തല്ലിന് പോകുന്നത് മദ്യത്തെ പ്രോത്സാഹിപ്പിക്കാന്‍ തോന്നാതിരുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. മദ്യത്തിനു പകരം അരിഷ്ടമാക്കി മാറ്റിയത് അതുകൊണ്ടാണ്. എപ്പോഴും മദ്യപിക്കുന്ന ഒരാള്‍ അങ്ങനെയൊരു കഥാപാത്രം ചെയ്യുമ്പോള്‍ അതിൻ്റെ സ്വാഭാവികത ചോരും, ആ ഒരു കാരണം കൂടി മുന്നില്‍ കണ്ടു കൊണ്ടാണ് ദാമുവിനെ ഒരു അരിഷ്ട പ്രേമിയാക്കി മാറ്റിയത്. അങ്ങനെ ഒരു കഥാപാത്രം സൃഷ്ടിച്ചപ്പോള്‍ സിനിമയില്‍ ആയുര്‍വേദ കടയും വൈദ്യരുടെ കഥാപാത്രവും അധികമായി ഉണ്ടായി, അങ്ങനെ തങ്ങളുടെ പുതിയ ചിന്തയില്‍ നിന്ന് പുതിയ കുറച്ചു കാര്യങ്ങള്‍ കൂടി രൂപപ്പെട്ടപ്പോള്‍ ‘ചട്ടമ്പി നാട്’ എന്ന സിനിമ താന്‍ എഴുതിയ തമാശ സിനിമകളില്‍ നിന്ന് തികച്ചും വേറിട്ട് നില്ക്കുന്ന ഒന്നായി മാറി. അന്ന് എന്താണോ എഴുതിയത് അതിനേക്കാള്‍ മുകളിലാണ് ഇപ്പോള്‍ ദാമു നില്‍ക്കുന്നത്. അതിൻ്റെ ഫുള്‍ ക്രെഡിറ്റ് താന്‍ നല്‍കുന്നത് ട്രോളര്മാര്ക്കാണെന്നും ബെന്നി പി നായരമ്പലം പറയുന്നു.