പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടനാണ് ജഗദീഷ്. വി.ജഗദീഷ് കുമാർ എന്നാണ് ശരിക്കുമുള്ള പേര്. അഭിനയത്തില്‍ മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം തുടങ്ങി സിനിമയുടെ നാനാ തുറകളിലും കഴിവ് തെളിയിച്ച അപൂര്‍വം ചില കലകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. ഇതുവരെ 12 ഓളം സിനിമകൾക്ക് കഥ എഴുതുകയും 8 സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിയ്ക്കുകയും ചെയ്തിട്ടുമുണ്ട്. ബിഗ് സ്ക്രീനില്‍ മാത്രമല്ല മിനി സ്ക്രീനിലിലും സജീവ സാന്നിധ്യമാണ് അദ്ദേഹം. മലയാളത്തിലെ ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയില്‍ ജഡ്ജായും സ്റ്റേജ് ഷോകളിൽ അവതാരകനായും ജഗദീഷ് ഇപ്പോഴും മിനിസ്ക്രീനിൽ സജീവ സാന്നിധ്യമാണ്. എന്നാല്‍ തനിക്കിപ്പോഴും ഒരു കോമഡി നടന് എന്ന ഇമേജാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു.

ഒരു ഹിറ്റ് സിനിമയിലെ കുറച്ചു സമയത്തെ ഒരു ചെറിയ വേഷമായിരുന്നു തനിക്ക് സിനിമയിലേക്ക് പിന്നീടുള്ള വെളിച്ചം നല്‍കിയത്. അവിടെ നിന്ന് സ്വ പ്രയത്നം കൊണ്ട് തിരക്കഥാകൃത്തും നടനുമായി. കൂടാതെ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് സംഭാഷണവും എഴുതി. സിനിമയില്‍ എത്രയോ വര്‍ഷം കോമഡി റോളുകള്‍ കളിച്ചു നടന്നു. തനിക്കൊപ്പം വന്ന ഹാസ്യ നടന്മാര് എല്ലാവരും തന്നെ തനിക്ക് മുന്‍പേ കോമഡിയില്‍ നിന്ന് കൂട് മാറി മികച്ച ക്യാര്കടര്‍ വേഷങ്ങള്‍ ചെയ്തു തുടങ്ങി. അപ്പൊഴും താന്‍ കോമേഡിയനായി തുടര്‍ന്നു. ഇതിനിടയില്‍ നാല്‍പ്പതോളം സിനിമകളില്‍ നായകനായി അഭിനയിച്ചത് തനിക്ക് കിട്ടിയ ബോണസ് ആണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’ പോലെയുള്ള സിനിമകള്‍ നടനെന്ന നിലയില്‍ മറ്റൊരു തലത്തില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ ഇപ്പൊഴും ജഗദീഷ് എന്ന് കേട്ടാല്‍ പ്രേക്ഷകര്‍ക്ക് താനൊരു ഹാസ്യ നടന് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.