വര്‍ഷങ്ങളായി ദിലീപിന് വേണ്ടി കെടാ വിളക്ക് കൊളുത്തി വച്ച് ഒരമ്മ !!

ദിലീപ് കൂടി പങ്കെടുത്ത ഒരു ചാനല്‍ പരിപാടിയില്‍ നിറ കണ്ണുകളോടെ ഇന്ദിര എന്ന അമ്മ ആ കഥ പറഞ്ഞപ്പോള്‍ ദിലീപും കാണികളും ഒരേപോലെ കണ്ണീരണിഞ്ഞു. ഇത്രമാത്രം ചെയ്യാന്‍ ദിലീപ് ഇവര്‍ക്കായി എന്ത് ചെയ്തു എന്നതായിരുന്നു എല്ലാവരും ചിന്തിച്ചത്. 1996ല്‍ ആലപ്പുഴയില്‍ആണ്  ഇതിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ മകള്‍ പ്രസവിച്ച വിവരം അറിഞ്ഞായിരുന്നു ഇന്ദിര   ആലപ്പുഴയിലെ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയിലെ വാര്‍ഡിലൂടെ  നടക്കുമ്പോള്‍ ഒരു ജീവനക്കാരന്‍ ബക്കറ്റും തൂക്കി വരുന്നത് കണ്ടു. ആ ബക്കറ്റിനുള്ളിലേക്ക് നോക്കിയ അവര്‍ കണ്ടത് ഒരു ചാപിള്ളയെ ആയിരുന്നു.

എന്തുകൊണ്ടോ പെട്ടന്നുണ്ടായ ഒരു ഉള്‍വിളി കാരണം ഇന്ദിര ജീവനക്കാരനെ പിന്തുടര്‍ന്നു. മണ്ണിട്ട് മൂടാനായി കുഴിയിലേക്ക് വെച്ച കുഞ്ഞിൻ്റെ  കാലുകളില്‍ തൊട്ട് നോക്കിയപ്പോള്‍ അത് ചലിക്കുന്നത് അവര്‍ക്ക് മനസ്സിലായി. കുഞ്ഞിന് ജീവനുണ്ട് എന്ന് ജീവനക്കാരനോട് പറഞ്ഞു. ആ ജീവന് വിലയായി 200 രൂപയും നല്കി അയാളുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി. 

എന്നാല്‍ ഇന്ദിരയുടെ വീട്ടുകാര്‍ പോലും ആദ്യം ഇതിനെ എതിര്‍ത്തു. മാസം തികയാതെ പിറന്ന കുട്ടി ആയിരുന്നതിനാല്‍ കുഞ്ഞിന് വേണ്ടത്ര ആരോഗ്യം ഉണ്ടായിരുന്നില്ല, മാത്രവുമല്ല കുട്ടിയെ നശിപ്പിക്കാന്‍ നിരവധി മരുന്നുകളും കഴിച്ചിരുന്നു.  ഒടുവില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ ആരംഭിച്ചു. ആദ്യത്തെ കുറച്ചു നാളുകള്‍ ഗ്ളൂക്കോസ് വെള്ളം മാത്രം നല്‍കി ജീവന്‍ നിലനിര്‍ത്തി. 120 ദിവസങ്ങള്‍ക്ക് ശേഷമാണ് വായിലൂടെ തുള്ളി തുള്ളിയായി വെള്ളം നല്‍കുന്നത്. ഒടുവില്‍ ഇന്ദിരയുടെ ഭര്‍ത്താവും മറ്റുള്ളവരും കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങി.കീര്‍ത്തി എസ് കുറുപ്പ് എന്ന പേരും നല്‍കി.

അങ്ങനെയിരിക്കെയാണ് കീര്‍ത്തിക്ക് ശാരീരിക വൈകല്യമുണ്ടെന്ന്  കണ്ടെത്തുന്നത്. കാലുകള്‍ക്കായിരുന്നു വൈകല്യം. നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇന്ദിരയുടെ ഭര്‍ത്താവ് ക്യാന്‍സര്‍ വന്ന് മരിക്കുക കൂടി ചെയ്തതോടെ  ജീവിതം കൂടുതല്‍ ദുരിതത്തിലായി. ഒടുവില്‍ ജീവിത മാര്‍ഗത്തിനായി ഇന്ദിര ഒരു മുറുക്കാന്‍ കട തുടങ്ങി.

ഇങ്ങനെ ജീവിതം തള്ളി നീക്കുന്നതിനിടെയാണ് നടന്‍ ദിലീപ് ഇവരുടെ കാര്യങ്ങള്‍ അറിയുന്നതും അടച്ചുറപ്പുള്ള ഒരു  വീട് ഇവര്‍ക്ക് പണി കഴിപ്പിച്ചു  കൊടുക്കുന്നതും. ഈ വീട്ടിലാണ് ഈ അമ്മയും മകളും ഇന്ന് താമസിക്കുന്നത്. അന്ന് മുതല്‍ ഒരിയ്ക്കലും മുടങ്ങാതെ  ഇവര്‍ ദിലീപിനായി ഒരു കെടാവിളക്ക് കത്തിക്കുന്നുണ്ട്.

സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന അരം പ്ലസ് കിന്നരം എന്ന പരിപാടിയില്‍ ഈ അമ്മയും മകളും എത്തിയപ്പോള്‍ ദിലീപും അതിഥിയായി എത്തിയിരുന്നു. ഈ വേദിയില്‍ വെച്ച്‌ ഇന്ദിര സംഭവം വെളിപ്പെടുത്തിയപ്പോള്‍ ദിലീപും ഒപ്പം കാണികളും ഒരുപോലെ കണ്ണീരണിഞ്ഞു.

Leave a Reply

Your email address will not be published.