“കേരള സര്‍ക്കാര്‍ അംഗീകൃത കൊമേഡിയന്‍ ഞാന്‍ ആണ്” സുരാജ് ഇങ്ങനെ പറയാന്‍ ഒരു കാരണവും ഉണ്ട്.

സ്റ്റേജ് ഷോകളില്‍ മിമിക്രി കലാകാരനായി വന്ന് സിനിമയിലെത്തിയ  താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. തിരുവനന്തപുരം ഭാഷയുടെ വ്യത്യസ്തത മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നടന്‍ എന്ന ലേബലില്‍ ആയിരുന്നു ആദ്യ കാലങ്ങളില്‍ അദ്ദേഹം കൂടുതല്‍ തിളങ്ങിയതെങ്കിലും പിന്നീട് മികച്ച അഭിനയശേഷിയുള്ള ഒരു നടനെന്ന നിലയിലേക്ക് അദ്ദേഹം വളർന്നു. ദേശീയ തലത്തിലും  സംസ്ഥാന തലത്തിലും അംഗീകരിക്കപ്പെട്ട നടനായി സുരാജ് മാറി.  

 2009ല്‍ പുറത്തിറങ്ങിയ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് ആദ്യമായി സംസ്ഥാന സര്‍ക്കാരിൻ്റെ  ഏറ്റവും മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. എന്നാല്‍ ഇത്തരം ഒരു അംഗീകാരം ലഭിക്കുന്ന അവസാനത്തെ കലാകാരനാണ് താനെന്ന് സുരാജ് പറയുന്നു. തനിക്ക് ലഭിച്ച ഈ അംഗീകാരത്തിനെക്കുറിച്ച് താരം മനസ് തുറന്നു. 

2013ന് ശേഷം സംസ്ഥാന ചലചിത്ര പുരസ്‌കാര പട്ടികയില്‍ നിന്നും മികച്ച ഹാസ്യതാരം എന്ന വിഭാഗംപാടെ ഒഴിവാക്കി.  തനിക്ക് ശേഷം ഇനീ ആരും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.  അതിനാല്‍ സര്‍ക്കാരിൻ്റെ ആസ്ഥാന കൊമേഡിയന്‍ പട്ടം തനിക്ക് അവകാശപ്പെട്ടതാണെന്നും സുരാജ് ഫലിതം കലര്‍ത്തി പറഞ്ഞു. അതുകൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത കൊമേഡിയന്‍ താന്‍ മാത്രമാണ്.  ഒരു കലാകാരനു അയാള്‍ നില്‍ക്കുന്ന സ്പെയിസില്‍ ഒരു അംഗീകാരം കിട്ടുക എന്നത് വലിയ കാര്യമാണ്. അതിനപ്പുറം ഒരു സന്തോഷം വേറെയില്ല. 2010ല്‍ ഒരു നാള്‍ വരും എന്ന ചിത്രത്തിനും 2013ല്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനുമാണ് സുരാജിനെത്തേടി ഈ അംഗീകാരം എത്തുന്നത്.

ഡോക്ടര്‍ ബിജു സംവിധാനം നിര്‍വഹിച്ച പേരറിയാത്തവര്‍ എന്ന ചിത്രത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ  മികച്ച നടനുള്ള പുരസ്കാരം ലഭിക്കുമെന്ന് കരുതിയെങ്കിലും തനിക്ക് വീണ്ടും കൊമേഡിയനുള്ള അവാര്‍ഡ് ആണ് ലഭിച്ചതെന്നും സുരാജ് പറഞ്ഞു. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് മികച്ച നടനുള്ള ദേശീയ അംഗീകാരം ലഭിക്കുന്നത്. 

Leave a Reply

Your email address will not be published.