പഠിക്കാന്‍ ഫോണ്‍ ഇല്ലന്നു സങ്കടം അറിയിച്ച കുട്ടിക്ക് വീട്ടിലെത്തി ഫോണ്‍ നല്കി സുരേഷ് ഗോപി..

കോവിഡ്  മൂലം കുട്ടികളുടെ പഠനം ഇന്ന് പൂര്‍ണമായും മൊബൈല്‍ ഫോണിനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. പലര്‍ക്കും ഫോണ്‍ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി പോലും ഇല്ലന്നതാണ് വാസ്തവം.  ജനപ്രതിനിധികളില്‍ പലരും ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഫോണ്‍ എത്തിച്ച്‌ നല്‍കുന്നുണ്ട്. ഇതിനിടെയാണ്  പഠിക്കാന്‍ ഫോണില്ലെന്ന ബുദ്ധിമുട്ട് അറിയിച്ച കുട്ടിക്ക് സഹായവുമായി  നേരിട്ടെത്തി   നടനും എംപിയുമായ സുരേഷ് ഗോപി. 

സ്മാര്‍ട് ഫോണും ഒപ്പം മധുര പലഹാരങ്ങളുമായി  അദ്ദേഹം കുട്ടിയുടെ മലപ്പുറത്തെ തേഞ്ഞിപ്പാലത്തുള്ള വീട്ടില്‍ നേരിട്ടെത്തുകയായിരുന്നു.   കൂടാതെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പണി പൂര്‍ത്തിയാകാതെ മുടങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ട ധന സഹായവും വാഗ്ദാനം ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.  

പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് തന്‍റെ ബുദ്ധിമുട്ട് സുരേഷ് ഗോപി എം പിയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചത്. തന്നെ വിളിച്ച വിദ്യാര്‍ഥിനിയില്‍ നിന്ന് പേരും മറ്റ് വിവരങ്ങളും ചോദിച്ച്‌ മനസിലാക്കിയ അദ്ദേഹം വൈകാതെ കുട്ടിയുടെ വീട്ടില്‍ നേരിട്ട് എത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസം സുരേഷ് ഗോപി കുട്ടിയുടെ വീട്ടില്‍ എത്തിയത്  നാട്ടുകാരെയാകെ ഞെട്ടിച്ചിരുന്നു. കൊച്ചിയില്‍ നിന്ന് നേരെ മലപ്പുറത്തെ വീട്ടിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയുടെ പ്രതീക്ഷിക്കാതെയുള്ള ഈ വരവ് വല്ലാത്ത  സന്തോഷമാണ് തനിക്കും കുടുംബത്തിനും ഉണ്ടാക്കിയതെന്ന് പെണ്‍കുട്ടി പറയുന്നു. ഫോണിനൊപ്പം  കുട്ടിക്ക് കൊടുക്കാനായി കൊച്ചിയില്‍നിന്ന് വാങ്ങിയ പലഹാരങ്ങളും അദ്ദേഹം കയ്യില്‍ കരുതിയിരുന്നു. കൂടാതെ പാതി വഴിയില്‍ മുടങ്ങിപ്പോയ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ട സഹായം തന്‍റെ ട്രസ്റ്റ് നല്‍കുമെന്ന വാക്‍ദാനവും നല്‍കിയാണ്  മടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.

Leave a Reply

Your email address will not be published.