മമ്മൂട്ടിയുടെ കടം ; മമ്മൂട്ടി എന്ന വലിയ മനുഷ്യനെക്കുറിച്ച് സ്വര്‍ഗചിത്ര അപ്പച്ചന്‍

സ്വര്‍ഗചിത്ര ഫിലീംസ് എന്ന ബാനറിന് മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റ് എന്നൊരു അര്‍ത്ഥം കൂടിയുണ്ട്.  ഗോഡ് ഫാദറും അനിയത്തി പ്രാവും മണിച്ചിത്രത്താഴും വിയറ്റ്‌നാം കോളനിയും ഫ്രണ്ട്‌സുമെല്ലാം ആ ബാനറില്‍ പിറന്ന ഹിറ്റുകളാണ്. ഒരു നാളും നഷ്ടമാകാത്ത ആരാധകരുള്ള ചിത്രങ്ങളാണ് മിക്കതും.  ഇപ്പോഴിതാ ഒരു നീണ്ട  ഇടവേളയ്ക്ക് ശേഷം പുതിയൊരു സിനിമയുമായി സ്വര്‍ഗചിത്രയുടെ അമരക്കാരന്‍  അപ്പച്ചന്‍ വീണ്ടും എത്തുകയാണ്.

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിബിഐയുടെ അഞ്ചാം ഭാഗമാണ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പുതുതായി നിര്‍മിക്കുന്ന ചിത്രം.  നവംബറോഡ് കൂടി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്ക് അപ്പച്ചനെ നയിച്ചത്  വര്‍ഷങ്ങള്‍ക്ക് മുൻപ്  മമ്മൂട്ടി ബാക്കി വച്ച ഒരു ‘കടം’ ആണ്. ആ കഥ  അപ്പച്ചന്‍ തുറന്നു പറയുകയുണ്ടായി. 

വേഷം എന്ന തന്‍റെ അവസാന ചിത്രം പാക്കപ്പ് ആകുമ്പോള്‍ 20 ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂട്ടിയെ വിട്ടത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ബാക്കി പണം തന്നേക്കാമെന്ന് പറഞ്ഞു. പെട്ടെന്നു വേണ്ട വര്‍ഷാവസാനം തന്നാല്‍ മതിയെന്നായിരുന്നു മമ്മൂട്ടി നിഷ്കര്‍ഷിച്ചത്. എന്നാല്‍ വാക്കു പറഞ്ഞതുപോലെ  കൃത്യ സമയത്ത് താന്‍ മമ്മൂട്ടിയുടെ അക്കണ്ടില്‍ പണം ഇട്ടു. പിന്നീട് താന്‍  മമ്മൂട്ടിക്ക് അഞ്ച് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി.  കടമായി ഇരിക്കട്ടെ, അടുത്ത ചിത്രത്തിന്‍റെ അഡ്വാന്‍സാണ് എന്നു പറയുകയും ചെയ്തു. തനിക്ക് മമ്മൂട്ടിയെ വച്ച്  ഇനിയും പടം ചെയ്യേണ്ടതുണ്ട്. അതിനുള്ള സെക്യൂരിറ്റിയാണ് ഈ തുകയെന്നും അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞു. 

അതിന് ശേഷം മമ്മൂട്ടിയെ ഇടയ്ക്ക് കാണുമ്പോഴൊക്കെ അദ്ദേഹം പറയും ‘അപ്പച്ചൻ്റെ ഒരു കടം ഇപ്പോഴും എൻ്റെ കൈയിലുണ്ട്’ എന്ന്. എന്നാല്‍ പിന്നീട് കുറേനാള്‍ തമ്മില്‍ കണ്ടതേയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  അഡ്വാന്‍സ് തിരികെ ചോദിച്ചതുമില്ല. അപ്പച്ചന്‍ പറയുന്നു. എന്നാല്‍ മമ്മൂട്ടി ആ കടം മറന്നില്ല. അതാണ് തന്നെ സിബിഐയുടെ അഞ്ചാം ഭാഗത്തിലേക്ക്  എത്തിക്കുന്നത്. ഭാസ്കര്‍ ദ റാസ്കലിൻ്റെ ഷൂട്ടിംഗ് സമയത്ത് സേതുരാമയ്യര്‍ അഞ്ചാം  ഭാഗം ചെയ്യുന്നതിനായി  എസ്‌എന്‍ സ്വാമിയും കെ മധുവും മമ്മൂട്ടിയെ കാണാന്‍ ചെന്നു. മധു തന്നെ ചിത്രം നിര്‍മ്മിക്കാനായിരുന്നു പ്ലാന്‍. ”മധു പ്രൊഡ്യൂസ് ചെയ്യണ്ട. എനിക്ക് അപ്പച്ചനോട് ഒരു കടമുണ്ട്” എന്ന് അവരോടു പറഞ്ഞ മമ്മൂട്ടി ഫോണെടുത്ത് തന്നെ വിളിച്ചു.  ”ഈ മധുവും സ്വാമിയും അഞ്ചാം ഭാഗവുമായി വന്നിട്ടുണ്ട്. അപ്പച്ചന് താല്‍പര്യമുണ്ടെങ്കില്‍ നമുക്കത് ചെയ്യാം. എൻ്റെ കടം തീരുകയും ചെയ്യും”. അതാണ് മമ്മൂട്ടി എന്ന മനുഷ്യനെന്ന് അപ്പച്ചന്‍ പറയുന്നു.

Leave a Reply

Your email address will not be published.