പദ്മരാജൻ, ലോഹിതദാസ്, ഭരതൻ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക് സംവിധായകരോടൊപ്പം സഹസംവിധായകനായാണ് ബ്ലെസി തൻ്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. സാധാരണ മനുഷ്യൻ അസാധാരണ സാഹചര്യങ്ങളിൽ ചെന്നു പെടുമ്പോളുണ്ടാകുന്ന ശാരീരിക-മാനസിക വ്യഥകൾ ആണ് ബ്ലെസ്സി ചിത്രങ്ങളുടെ ഇതിവൃത്തം.

അദ്ദേഹം ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കാഴ്ച. ഈ ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചതും ബ്ലെസി തന്നെയായിരുന്നു. കാഴ്ച്ച വാണിജ്യപരമായും, കലാപരമായും നല്ല വിജയം കൈവരിക്കുകയുണ്ടായി. ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽനിന്നും മറ്റൊരു പ്രദേശത്തേക്ക് എത്തപ്പെട്ട പവൻ എന്ന ബാലനും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവനുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. വൻദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ ബ്ലെസി പ്രേക്ഷകരിലേക്കെത്തിക്കൻ ശ്രമിച്ചത്. ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് ഈ ചിത്രത്തിലൂടെ ബ്ലെസിക്ക് ലഭിക്കുകയുണ്ടായി.
എന്നാല്‍ താന്‍ ഒരു എഴുത്തുകാരന് ആയതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി മമ്മൂട്ടിയാണെന്ന് ബ്ലെസി പറയുന്നു. കാഴ്ച റിലീസ് ചെയ്ത് 17 വര്‍ഷത്തോളമാകുമ്പോള്‍ ബ്ലെസി നല്കിയ ഒരു അഭിമുഖത്തിലെ വാചകങ്ങള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.
താനൊരു എഴുത്തുകാരന് ആയതില്‍ മുഖ്യ പങ്ക് വഹിച്ചത്, അല്ലെങ്കില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് മമ്മൂട്ടിയാണെന്ന് ബ്ലെസ്സി പറയുന്നു. കാഴ്ചയുടെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആര് ഇത് എഴുതും എന്ന് മമ്മൂട്ടി തന്നോട് ചോദിച്ചിരുന്നു. പല പ്രശസ്തരായ എഴുത്തുകാരോടും കാഴ്ചയുടെ കഥ പറഞ്ഞു. കഥ കേട്ട് പലരും കളിയാക്കി വിട്ടു. അവഗണനയാണ് പലയിടത്തു നിന്നും നേരിട്ടത്. പിന്നീടാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതാന്‍ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടത്. സിനിമയ്ക്ക് ഭാഷയുടെ ആവശ്യമില്ലെന്നും ദൃശ്യമാണ് സിനിമയുടെ ഭാഷയെന്നും അങ്ങനെയാണ് തനിക്ക് തിരിച്ചറിവുണ്ടായതെന്ന് ബ്ലെസി പറയുന്നു.