അമ്മയുടെ ജനറൽ ബോഡിയിലേക്ക് പോലീസുമായി എത്തിയ നടനെതിരെ സംസാരിച്ചതിനെക്കുറിച്ച് ദിലീപ് !!

മലയാള ചലച്ചിത്ര ലോകത്തെ എക്കാലത്തെയും വലിയ വലിയ വിവാദങ്ങളളിലൊന്നായിരുന്നു താരസംഘടനയായ അമ്മയും നടന്‍ തിലകനും തമ്മില്‍ നടന്നത്. ഇവര്‍ക്കിടയില്‍ ഉണ്ടായ വാക് പോര് ഒടുവില്‍ സിനിമയില്‍ നിന്നും അമ്മ തിലകനെ വിലക്കുന്നത് വരെ എത്തി. പിന്നീട് തിലകനെ അമ്മ വിലക്കിയതുമായി ബന്ധപ്പെട്ട് സാംസ്കാരിക നായകനായ സുകുമാര്‍ അഴീക്കോട് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അന്നത്തെ അമ്മയുടെ തലപ്പത്തിരുന്ന മോഹന്‍ലാലും ഇന്നസെന്‍റും അഴീക്കോട് മാഷിന്‍റെ വാക്ശരത്തിൻ്റെ ചൂടറിഞ്ഞു. ഒരിക്കല്‍ അമ്മ ജനറല്‍ ബോഡി യോഗത്തില്‍വച്ച്‌ തിലകനെതിരെ താന്‍ സംസാരിച്ച സംഭവത്തെ കുറിച്ച്‌ ദിലീപ് പിന്നീട് പറയുകയുണ്ടായി.  

ഒരു എഗ്രിമെന്റിൻ്റെ പേരിലായിരുന്നു അന്ന് ആ തര്‍ക്കം നടന്നതെന്ന് അദ്ദേഹം പറയുന്നു. അന്ന് തിലകന്‍ അമ്മയുടെ നിലപാടിന് എതിരായിരുന്നു. ആറ് മാസക്കാലം ഈ വഴക്ക് തുടര്‍ന്നു. പിന്നീട് അമ്മയുടെ ജനറല്‍ ബോഡിയില്‍ മമ്മൂട്ടിയാണ് ഈ വിഷയം സംസാരിച്ചത്. അന്നത്തെ ജനറല്‍ ബോഡിയിലേക്ക് തിലകന്‍ ചേട്ടന്‍ പൊലീസുമായി എത്തിയെന്ന് ദിലീപ് ഓര്‍ക്കുന്നു. ഇതിന് കാരണമായി തിലകന്‍ പറഞ്ഞത് തനിക്കെതിരെ വധശ്രമത്തിനു സാധ്യതയുണ്ട് അതിനാലാണെന്നാണ്. എന്നാല്‍ തിലകന്‍റെ ഈ നടപടിക്കെതിരെ വളരെ വൈകാരികമായി മമ്മൂട്ടി സ്റ്റേജില്‍ സംസാരിച്ചു.  ‘നിങ്ങളുടെ മക്കളാണ് ഞങ്ങള്‍. നിങ്ങള്‍ ഞങ്ങള്‍ക്ക് അച്ഛനാണ്..’ നിറകണ്ണുകളോടെ ആയിരുന്നു മമ്മൂട്ടി അത് പറഞ്ഞത്. ഉടനെ തിലകന്‍ ചാടിയെഴുന്നേറ്റു മമ്മൂക്കയെ നോക്കി ‘ഇത് കള്ളക്കണ്ണീര്‍ ആണ്, ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല’ എന്നു പ്രതികരിച്ചു. ഇത് കണ്ട് വല്ലാതെ വിഷമം വന്ന താന്‍ ചാടിയെഴുന്നേറ്റ് തിലകനു നേരെ വിരല്‍ ചൂണ്ടി സംസാരിച്ചുവെന്ന് ദിലീപ് തുറന്നു സമ്മതിക്കുന്നു. ‘നിങ്ങളാണ് തെറ്റ് ചെയ്തത്, അതിന് ആ വലിയ മനുഷ്യനെതിരെ പറഞ്ഞ് ന്യായീകരിക്കരുത്,’എന്നു തുടങ്ങി എന്തൊക്കെയോ പറഞ്ഞുവെന്ന് ദിലീപ് പറയുന്നു.  എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു എന്ന് തോന്നിയതായും ദിലീപ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published.