നാദിര്‍ഷയുടെ ‘ഈശോ’ വീണ്ടും കുരുക്കില്‍ ; ക്രൈസ്തവ സംഘടനകളുടെ സമ്മർദ്ദത്തിൽ സിനിമക്കുള്ളിൽ നിന്നു തന്നെയോ ?

പേരിനെച്ചൊല്ലി വിവാദ ചുഴിയില്‍ അകപെട്ട നാദിര്‍ഷയുടെ ജയസൂര്യ ചിത്രം ഈശോ വീണ്ടും കുരുക്കില്‍. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചിത്രത്തിന്‍റെ പ്രദര്‍ശന അനുമതി നിഷേധിച്ചു.  ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കാഞ്ഞതും, ചിത്രം പ്രഖ്യാപിക്കുന്നതിന് മുൻപ് ചേംബറില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല എന്നീ കാരണങ്ങളുടെയും  പേരിലാണ് സിനിമയുടെ രജിസ്‌ട്രേഷന്‍ അപേക്ഷ തളളിയത്.

എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലന്നും, ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പേരുള്ള ചിത്രത്തിന് അനുമതി നല്‍കേണ്ടെന്ന നിലപാട് ഫിലിം ചേംബറിന്‍റെ തലപ്പത്തുള്ളവരില്‍ ഒരു വിഭാഗം  സ്വീകരിച്ചതിനാലാണ് അനുമതി നിഷേധിച്ചതെന്നും ആരോപണം ഉണ്ട്. 

എന്നാല്‍ സിനിമ തിയറ്റര്‍ റിലീസിന് ചേംബറിന്‍റെ അനുമതി വേണമെങ്കിലും ഒടിടി റിലീസിന് ചേംബര്‍ രജിസ്ട്രേഷന്‍റെ അനുമതി ആവശ്യമില്ല, മാത്രവുമല്ല ഒടിടി റിലീസില്‍ ‘ഈശോ’ എന്ന പേര് ഉപയോഗിക്കുന്നതിനും ഒരു തടസ്സവുമില്ല. 

എന്നാല്‍ ജയസൂര്യയുടെ ഈ ചിത്രത്തിന്‍റെ പേര് ക്രിസ്തീയ വിശ്വസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നു എന്നാരോപിച്ച് ഒരു വിഭാഗം പ്രതിഷേധം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നു നാദിര്‍ഷ സംവിധാനം നിര്‍വഹിക്കുന്ന മറ്റൊരു ചിത്രമായ  ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രത്തിനും അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസുള്‍പ്പെടെയുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

മുന്‍പ് ചിത്രത്തിന്‍റെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് തന്നെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നും ആവശ്യപ്പെട്ട്  ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഈ ഹര്‍ജി തള്ളിയ കോടതി സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതു  കോടതിക്ക് ഇടപെടാനാകുന്ന വിഷയമല്ലന്നു വ്യക്തമാക്കി. അതേ സമയം സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്‍കയും മാക്റ്റയും നാദിര്‍ഷായ്ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്.

Leave a Reply

Your email address will not be published.