പോലീസില്‍ നിന്ന് രക്ഷപെടാന്‍ പല അടവുകളും പയറ്റുന്ന വിരുതന്മാരായ കള്ളന്മാരെ നമ്മള് സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇനീ പറയാന്‍ പോകുന്നത് ജീവിതത്തില്‍ അത്തരം ഒരു വിരുത് കാഴ്ചവച്ച കള്ളനെക്കുറിച്ചാണ്. സംഭവം നടന്നത് ബംഗളൂരുവിലാണ്. കക്ഷി ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമ കണ്ട് അനുകരിച്ചതാണോന്നറിയില്ല, ഏതായലും മോഷണത്തിനിടെയില് പിടിയിലായ ഈ പഠിച്ച കള്ളന് രക്ഷപെടാനായി തൊണ്ടിമുതലായ സ്വര്‍ണ്ണമാല വിഴുങ്ങി. എന്നാല്‍ തോറ്റുകൊടുക്കാന്‍ പോലീസുകാരും തയ്യാറായില്ല. അവര്‍ അവര്‍ തൊണ്ടിമുതല്‍ തിരിച്ചെടുക്കാനായി കള്ളനെക്കൊണ്ട് വയറിളക്കത്തിനുള്ള മരുന്നും പഴവും തീറ്റിപ്പിച്ചു.
ബെംഗളൂരുവിലെ എംടി സ്ട്രീറ്റില്‍ വച്ച് ഹേമ എന്ന സ്ത്രീയില്‍ നിന്നാണ് വിജയ് എന്ന കള്ളനും മറ്റ് മൂന്നു പേരുമടങ്ങുന്ന സംഘം മാല കവര്‍ന്നത്. രാത്രി 8.50 ഓടെയായിരുന്നു സംഭവം. എന്നാല്‍ പിടിച്ചുപറിയ്ക്കിരയായ സ്ത്രീ മോഷ്ടാക്കളെ അങ്ങനെ വെറുതെ വിടാന്‍ ഒരുക്കം ആയിരുന്നില്ല. കള്ളന് മാലയുമായി ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ കൈകൊണ്ട് മുറുക്കിപ്പിടിച്ചു. വിജയ് എന്നാണ് ഈ പഠിച്ച കള്ളന്റെ പേര്. ഇയാള്‍ ഹേമ എന്ന സ്ത്രീയില്‍ നിന്നും 70 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ മാല തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ പിടിവലിയ്ക്കിടയില്‍ ഇവര്‍ താഴെ വീണെങ്കിലും കീഴടങ്ങാന്‍ ഈ സ്ത്രീ തയ്യാറായില്ല. തുടര്‍ന്നു ഇവര്‍ ബഹളം വച്ച് ആളുകളെ കൂട്ടി. ഇടുങ്ങിയ തെരുവായതിനാല്‍ ഇയാള്‍ക്ക് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. ഓടിക്കൂടിയ ആളുകള്‍ ഇയാളെ പിടികൂടി കാര്യമായി പെരുമാറുകയും ചെയ്തു. പക്ഷേ ഒരു കാരണവശാലും മോഷണ മുതല്‍ തിരികെ നല്കാന് തയ്യാറാകഞ്ഞ ഇയാള്‍ സ്വര്‍ണമാല വിഴുങ്ങി.

ഒടുവില്‍ പോലീസ് എത്തി ഇയാളെ ഇയാളെ സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്നു ഇന്‍സ്പെക്ടര്‍ ബിജി കുമാരസ്വാമി പരിശോധനയ്ക്കായും, മര്‍ദ്ദനത്തില്‍ ഏറ്റ പരിക്കുകള്‍ ചികിത്സിക്കുന്നതിനുമായി ആശുപത്രിയിലെത്തിച്ചു. അവസ്സാന നിമിഷം വരെ ഇയാള്‍ മോഷണ ശ്രമം നിഷേധിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് എക്സറേ എടുത്തപ്പോളാണ് ഇയാളുടെ കള്ളി വെളിച്ചത്തായത്.
ആദ്യമൊന്നും സത്യം സമ്മതിച്ച് കൊടുക്കാന്‍ വിജയ് തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എക്സറേയില്‍ ദൃശ്യമായ രൂപം താന്‍ വിഴുങ്ങിയ എല്ലിന് കഷ്ണമാണെന്ന് ഇയാള്‍ തര്‍ക്കിച്ചു. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് മാല വിസര്‍ജ്ജ്യത്തിലൂടെ പുറത്ത് കൊണ്ടുവരാന്‍ അടുത്ത മാര്‍ഗമെന്നോണം വാഴപ്പഴം നല്‍കുകയും ഒപ്പം എനിമയും എടുത്തു. പോലീസുകാരുടെ ഈ തന്ത്രം ഒടുവില്‍ ഫലം കണ്ടു. തൊണ്ടിമുതലായ സ്വര്‍ണ്ണമാല വിസര്‍ജ്ജ്യത്തിലൂടെ പുറത്തു വരികയും ചെയ്തു.