ഇന്ദ്രന്‍സ് എന്ന നടന്റെ അഭൂതപൂര്‍വമായ വളര്‍ച്ച കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് മലയാള സിനിമാ ലോകം. അഭിനയിക്കുന്ന വേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെടുകയും ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍ സമ്മാനിക്കുന്ന അതിശയിപ്പിക്കുന്ന കരിയര്‍ ഗ്രോത്ത് ആണ് ഈ നടനെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വ്യത്യസ്തനാക്കി മാറ്റുന്നത്. ഒടുവില്‍ ഇറങ്ങിയ ഹോം എന്ന ചിത്രം കൂടി ഹിറ്റ് ചര്ട്ടില് ഇടം പിടിച്ചതോടെ കൈ നിറയെ ചിത്രങ്ങളാണ് ഇന്ദ്രന്‍സിന് ഇപ്പോള്‍.

ഹോംമിലെ പ്രകടനം ഇന്ദ്രന്‍സിന് വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നതിനു കാരണമായി. ചിത്രത്തിലെ ‘ഒളിവര്‍ ട്വിസ്റ്റ്’ എന്ന കഥാപാത്രം മികവുറ്റതാക്കി അവതരിപ്പിച്ച അദ്ദേഹം പ്രേക്ഷകരുടെയും ഒപ്പം നിരൂപകരുടെയും പ്രശംസ ഏറ്റു വാങ്ങി. കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു കലാകാരനെ അഭിനയത്തിന്റെ പുതിയ ഭൂമികയിലേക്ക് വഴി തെളിച്ചു വിട്ടപ്പോള്‍ അത് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കണ്ണിന് വിരുന്നായി മാറി. . രാജസേനന് സംവിധാനം നിര്‍വഹിച്ച ‘സിഐഡി ഉണ്ണികൃഷ്ണന് ബിഎബിഎഡ്’ എന്ന ചിത്രലൂടെയാണ് ഇന്ദ്രന്‍സ് ഒരു മികച്ച ഹാസ്യനടനായി പരിവര്‍ത്തനം ചെയ്യുന്നത്. ഇപ്പോള്‍ 500 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.

റോജിന്‍ തോമസ് സംവിധാനം നിര്‍വഹിച്ച ‘ഹോം’ എന്ന ചിത്രത്തിലെ നായക വേഷം മികച്ചതാക്കിയതോടെ മലയാള സിനിമയിലെ താരമൂല്യമുള്ള നടനായി ഇന്ദ്രന്‍സ് മാറി. എന്നാല്‍ താന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച ആ പഴയ കോമഡി കഥാപാത്രങ്ങളുടെ ശരീര ഭാഷയാണെന്ന് ഇന്ദ്രന്‍സ് തുറന്നു പറയുന്നു. എന്നാല്‍ തന്നിലെ പഴയ ഇന്ദ്രന്‍സിനെ തിരിച്ചു നല്‍കാമെന്നു മിഥുന് മാനുവല്‍ തോമസ് വാക്ക് നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ പുതിയ ചിത്രത്തില്‍ കുടുകുടെ ചിരിപ്പിക്കുന്ന ഇന്ദ്രന്‍സിനെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുമെന്നും, ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.