‘രാഷ്ട്രീയത്തില്‍ ഇറങ്ങിയത് ആ ഒരാളുടെ നിര്‍ബന്ധം മൂലം’ ഇന്നസെന്‍റ്

തൃശൂര്‍ ഭാഷയുടെ സൌന്ദര്യം മലയാളികള്‍ക്ക് മുന്നില്‍ ചിരിമുത്തുകളായി വിതറിയ കലാകാരനാണ് ഇന്നസ്സെന്‍റ്. മാത്രവുമല്ല സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി വിജയം വരിച്ച അപൂര്‍വം ചില കലാകാരന്മാരില്‍ ഒരാളാണ്  അദ്ദേഹം. 2014ലെ  ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇടത് സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. പക്ഷേ രണ്ടാമത് ഒരിക്കല്‍ കൂടി മത്സരിച്ചപ്പോള്‍ പരാജയമായിരുന്നു ഫലം. എന്നാല്‍ താന്‍ രാഷ്ട്രീയത്തിന്‍റെ ഗോദയിലേക്ക്  ഇറങ്ങാന്‍ ഉണ്ടായ പ്രധാന കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറക്കിയ പ്രധാന കാരണങ്ങളില്‍ ഒന്ന് മമ്മൂട്ടിയാണെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇന്നസെന്‍റ് പറയുന്നു. പെട്ടന്നൊരു ദിവസം മമ്മൂട്ടി തന്നെ വിളിക്കുകയായിരുന്നുവെന്ന് ഇന്നസ്സെന്‍റ് ഓര്‍ക്കുന്നു. താന്‍ ചാലക്കുടിയില്‍ നിന്നും മത്സരിക്കണം എന്ന് പല പ്രവര്‍ത്തകരും താല്‍പ്പര്യപ്പെടുന്നുണ്ടെന്നുള്ള കാര്യം മമ്മൂട്ടി തന്നെ  അറിയിച്ചു. എന്നാല്‍ ഈ ആവശ്യം ആദ്യം നിരസ്സിക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി തന്നെ വല്ലാതെ  നിര്‍ബന്ധിച്ചു. ഉറപ്പായും മത്സരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ തനിക്കൊന്ന് ആലോചിക്കണം എന്നായിരുന്നു മറുപടി നല്‍കിയതെന്ന് ഇന്നസെന്‍റ് പറയുന്നു. താന്‍ നിക്കണം, നമ്മുടെ ആവശ്യമാണിതെന്നും മമ്മൂട്ടി പറയുകയുണ്ടായി. എനിക്കൊന്ന് ആലോചിക്കണം എന്നായിരുന്നു തന്‍റെ മറുപടി. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു മമ്മൂട്ടി അന്ന് തന്നോട് സംസാരിച്ചത്.

യുഡിഎഫിന് സാധ്യതയുള്ള മണ്ഡലമായിരുന്നിട്ടു കൂടി താന്‍ അവിടുന്ന് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു. എന്തുകൊണ്ടോ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. 

എന്നാല്‍ രണ്ടാമത് ഒരിയ്ക്കല്‍ കൂടി മത്സരിക്കാന്‍ പാര്‍ട്ടി തന്നെ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് രണ്ടാം തവണയും മത്സരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.