“കടൽ കടന്ന് നാട്ടിലേക്ക് വരുന്നത് ആ ഒരൊറ്റ കാരണം കൊണ്ടാണ്” ബാബു ആന്‍റണി.

ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ നായക കഥാപാത്രങ്ങളുടെ പൊളിച്ചെഴുത്തായിരുന്നു ബാബു ആന്‍റണി എന്ന നടന്‍. ആയോധന കലകള്‍ വശമുള്ള ബലിഷ്ടമായ ശരീരപ്രകൃതിയുള്ള അദ്ദേഹം യുവാക്കളുടെയും കുട്ടികളുടെയും ആക്ഷന്‍ ഹീറോ ആയി ഹൃദയത്തില്‍ ഇടം പിടിച്ചു. ബാബു ആൻ്റണിക്ക് വേണ്ടി മാത്രം കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇപ്പോള്‍ കുടുംബവുമൊത്ത് അമേരിക്കയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന അദ്ദേഹം കേരളത്തിലേക്ക് വരാറുള്ളത് പലപ്പോഴും സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ്. വളരെ ചെറിയ കഥാപാത്രമാണെങ്കില്‍ കൂടി  കടല്‍ കടന്നു കേരളത്തില്‍ എത്തി സിനിമ ചെയ്യുമ്പോള്‍ തനിക്ക് എന്തെങ്കിലും പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടോ എന്നാണ്  നോക്കുന്നതെന്നും അത്തരത്തിലുള്ള ചിത്രങ്ങളാണ് തന്‍റെ തിരിച്ചു വരവില്‍ സംഭവിച്ചതെന്നും ഒരു ചോദ്യത്തിന് മറുപടിയായി ബാബു ആൻ്റണി പറഞ്ഞു.  

തനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അമേരിക്കയില്‍ നിന്ന് നാട്ടില്‍ എത്താറുള്ളൂ. അങ്ങനെ ചെയ്ത സിനിമകളാണ് കായംകുളം കൊച്ചുണ്ണിയും. മിഖായേലും, എസ്രയുമൊക്കെയെന്ന് ബാബു ആന്‍റണി പറയുന്നു. ‘മിഖായേല്‍’ എന്ന സിനിമയില്‍ ഒരു അതിഥി വേഷമാണ് താന്‍ അവതരിപ്പിച്ചത്. ആദ്യം ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഇത്രയും ദൂരം പോയി അങ്ങനെയൊരു കഥാപാത്രം ചെയ്യണോ എന്ന് തോന്നിയിരുന്നു. എന്നാല്‍ തന്നിലെ നടനെ വേണമെന്നത് അവരുടെ ആവശ്യമായിരുന്നു അതുകൊണ്ടാണ് പോയത്. നിര്‍മ്മാതാവ് ആന്‍റോ ജോസഫിനും ചിത്രത്തിന്‍റെ സംവിധായകനും നിവിന്‍ പോളിക്കുമെല്ലാം താൻ തന്നെ ആ കഥാപത്രം ചെയ്യണമെന്നത് നിര്‍ബന്ധമായിരുന്നു. ആ ചിത്രത്തില്‍ നിവിൻ്റെ അച്ഛനായിട്ടാണ് അഭിനയിച്ചത്. നിവിന്‍ ചെയ്ത കഥാപാത്രത്തെ മാര്‍ഷ്യല്‍ ആര്‍ട്സ് ട്രെയിന്‍ ചെയ്യിക്കുന്നത് അച്ഛൻ്റെ കഥാപാത്രമാണ്. തന്‍റെ ഇമേജുള്ള ആളെ ആയിരുന്നു അവര്‍ക്ക് ആവശ്യം. അത്തരം ഒരു ആക്ടറെ ഇങ്ങോട്ട് ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ അത് സ്വീകരിക്കുകയാണ് വേണ്ടതെന്നും  ബാബു ആൻ്റണി പറയുന്നു.

Leave a Reply

Your email address will not be published.