ഹൃദയം എന്ന ചിത്രത്തില്‍ കല്ല്യാണിയെ ആ ഒരൊറ്റ കാരണം കൊണ്ടാണ് തിരഞ്ഞെടുത്തത് ; വിനീത് ശ്രീനിവാസന്‍

ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന ഫാമിലി ഡ്രാമ ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഹൃദയം.  പ്രണവ് മോഹന്‍ലാലും ,കല്യാണി പ്രിയദര്‍ശനുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ കല്ല്യാണി തന്‍റെ  ചിത്രത്തില്‍ എത്തിയതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ മനസ്സ് തുറക്കുകയുണ്ടായി.  കല്യാണിയെ തനിക്ക് വളരെ ചെറിയ പ്രായം തൊട്ടേ അറിയാമെന്നു വിനീത് ശ്രീനിവാസന്‍ പറയുന്നു. ഈ ചിത്രത്തിലെ കഥാപാത്രത്തിന് ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന ഒരു മുഖം വേണമെന്നുള്ളതുകൊണ്ടാണ് താന്‍ കല്ല്യാണിയിലേക്ക്  എത്തിയതെന്ന് വിനീത് പറയുന്നു.   

പ്രിയദര്‍ശന്‍  പണ്ട് ചെന്നൈയിലെ ഹഡോസ് റോഡിലുള്ള വന്ദനാ ടവേഴ്‌സ് എന്ന ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സമയം തന്‍റെ  അച്ഛനും അതേ ബില്‍ഡിങ്ങില്‍ ഒരു ഫ്‌ളാറ്റ് ഉണ്ടായിരുന്നു. ആ സമയത്തൊക്കെ താന്‍  കല്യാണിയെ കുറേയധികം പ്രാവശ്യം കണ്ടിട്ടുണ്ട്. കല്ല്യാണി  കുട്ടിയായിരുന്നപ്പോള്‍ ഒരുപാട് എടുത്ത് നടന്നിട്ടുണ്ട്.2019ല്‍ താന്‍ കാണുന്ന സമയത്ത് കല്യാണി മലയാള സിനിമകളൊന്നും തന്നെ ചെയ്തിരുന്നില്ല. കല്യാണി അഭിനയിച്ച ഒരു തെലുങ്ക് സിനിമയും മറ്റൊരു ചിത്രത്തിലെ പാട്ടുകളും മാത്രമേ കണ്ടിട്ടുള്ളു. മലയാളികള്‍ക്ക് വളരെ വേഗം ഇഷ്ടമാകുന്ന ഒരു മുഖമുണ്ട് കല്യാണിക്ക്.

ഒരിടവേളയ്ക്ക് ശേഷം വിനീത് സംവിധാനം നിര്‍വഹിക്കുന്ന ഹൃദയം മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ  ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ക്യാരക്ടര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ 15 പാട്ടുകള്‍ ഉണ്ടെന്ന് വിനീത് മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹേഷാം അബ്ദുള്‍ വഹാബാണ് ഹൃദയത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. മെറിലാൻ്റ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിശാഖാണ് ഹൃദയം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published.