അടികളിൽ നിന്നും കിട്ടിയ പാഠം അഹങ്കാരം ഇല്ലാതാക്കാന്‍ സഹായിച്ചു ; പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ മികച്ച നടനായി വളര്‍ത്തിയ സംവിധായകന്‍മാരില്‍ നിര്‍ണയകമായ പങ്ക് വഹിച്ച വ്യക്തിയാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ എന്ന നടന്‍റെ പ്രതിഭ പുറത്തു കൊണ്ട് വന്ന അദ്ദേഹം പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി എത്രയെത്ര ചിത്രങ്ങള്‍. ഇതില്‍ ഏറിയ കൂറും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി യിരുന്നു.

മലയാളത്തിന് പുറമേ ഹിന്ദി അടക്കമുള്ള എല്ലാ ഭാഷകളിലും പ്രിയന്‍ തന്‍റെ മൂവി മേക്കിംഗ് ക്രാഫ്റ്റ് കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മലയാളം വിട്ട് അന്യ ഭാഷകളില്‍ ചേക്കേറിയപ്പോഴും വിജയം പ്രിയനൊപ്പം നിന്നു. ഹിന്ദി പോലൊരു വലിയ ക്യാന്‍വാസില്‍ തുടരെത്തുടരെ വിജയ ചിത്രങ്ങള്‍ നിര്‍മ്മിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലന്നിരിക്കെ ബോളീവുഡില്‍ ഒരു തദ്ദേശ ഭാഷാ സംവിധായകന്‍ ഇത്രയധികം വിജയങ്ങള്‍ കൈവരിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കരിയറില്‍ വിജയ ചിത്രങ്ങള്‍ മാത്രം സൃഷ്ടിച്ച അദ്ദേഹം തനിക്ക് ജീവിതത്തില്‍ കിട്ടിയ തിരിച്ചടിയെക്കുറിച്ച് തുറന്നു പറയുന്നു.  

തനിക്ക് മൂന്ന് തവണ അടി കിട്ടിയിട്ടുണ്ടെന്നാണ് പ്രിയന്‍ പറയുന്നത്. എന്നാല്‍ ഈ അടികളത്രയും കിട്ടിയത് ഏതെങ്കിലും വ്യക്തിയില്‍ നിന്നും അല്ല മറിച്ച് ദൈവത്തില്‍ നിന്നുമായിരുന്നു. തൻ്റെ ജീവിതത്തില്‍ ഉണ്ടായ മൂന്ന് വലിയ പരാജയങ്ങളെ അദ്ദേഹം നോക്കി ക്കാണുന്നത് ദൈവത്തിൻ്റെ കയ്യില്‍ നിന്നും ലഭിച്ച അടിയായിട്ടാണ്. ഏതാണ്ട് മൂന്ന് പ്രാവശ്യം കരിയറിൻ്റെ പീക്കില്‍ നില്‍ക്കുന്ന സമയത്ത് താന്‍ താഴേക്കു പോയി. മലയാളത്തില്‍ ഒരു നിര്‍മാതാവു പോലും തന്നെ വിളിക്കാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അപ്പോഴാണ് തമിഴിലും തെലുങ്കിലും പോയി സിനിമ ചെയ്തത്. മലയാളത്തില്‍ തനിക്ക് തിരിച്ചു വരവൊരുക്കിയ ചിത്രമായിരുന്നു കിലുക്കം.

മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തുടര്‍ പരാജയങ്ങള്‍ സംഭവിച്ചു. ബോളിവുഡില്‍ നിന്ന് ഏറെക്കുറെ പുറത്താവും എന്ന ഘട്ടം വന്നപ്പോഴാണ്  പൂച്ചയ്‌ക്കൊരു മൂക്കുത്തി ഹങ്കാമയായി റീമേക്ക് ചെയ്ത് വിജയം വരിച്ചത്.  തുടര്‍ച്ചയായി ഹിറ്റുകളില്‍ നിന്ന തനിക്ക് ഈ തിരിച്ചടികളില്‍ നിന്ന് പഠിച്ച പാഠങ്ങളാണ് അഹങ്കാരം ഇല്ലാതാക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ശത്രുക്കളും അഹങ്കാരവും തീരെയില്ലന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.