അതൊക്കെയായിരുന്നു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ ഒഴിവാക്കാന്‍ കാരണം ; ഇന്ദ്രന്‍സ്

ഒരു മികച്ച സ്വഭാവ നടന്‍ എന്ന നിലയിലേക്കുള്ള ഇന്ദ്രന്‍സിന്‍റെ സിനിമാ യാത്ര അത്ര വേഗത്തിലോ സുഗമമോ ആയിരുന്നില്ല. ഇന്ന് ഇന്ദ്രന്‍സ് എന്ന നടനെ മുന്‍ നിര്‍ത്തി കഥകള്‍ ആലോചിക്കുന്ന നില വരെ എത്തി എന്നത് ആ കലാകാരന്‍റെ കരിയറിലുള്ള വളര്‍ച്ച എടുത്ത് കാണിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന ചിത്രം കൂടി വിജയം ആയതോടെ തൻ്റെ പഴയകാല സിനിമാ അനുഭവങ്ങളെക്കുറിച്ച്  ഇന്ദ്രന്‍സ് സംസാരിച്ചു. പണ്ട് സിനിമയുടെ പിന്നാംമ്പുറത്ത് വസ്ത്രാലങ്കാരം ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിൻ്റെയും ഒപ്പം സിനിമ ചെയ്യാന്‍ തനിക്ക് ഭയമായിരുന്നെന്ന് ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറയുന്നു.

താന്‍ സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത്  വളരെ ചെറിയ പടങ്ങളായിരുന്നു ചെയ്തിരുന്നത്. അന്ന് മുതല്‍ തന്നെ മമ്മൂട്ടിയും മോഹന്‍ലാലും വലിയ നിലയിലായിരുന്നു. അവര്‍ ചെയ്തിരുന്ന പടങ്ങളൊക്കെ വലിയ മുതല്‍ മുതല്‍ മുടക്കുള്ള ചിത്രങ്ങളായിരുന്നു. തന്‍റെ  അറിവ് അന്ന് അത്രത്തോളം വളര്‍ന്നിരുന്നില്ല. തിരുവനന്തപുരം വിട്ട് എങ്ങും പോയിട്ടുമില്ല. അതുകൊണ്ട് തന്നെ  അത്തരം ചിത്രങ്ങളില്‍ നിന്ന് ലഭിച്ച അവസരങ്ങളൊക്കെ ഒഴിവാക്കി. 

പ്രശസ്ത സംവിധായകന്‍ പത്മരാജന്‍റെ കൂടെ പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരു  തയ്യില്‍ക്കാരനെന്ന നിലയില്‍ ഒരു നിലയും വിലയുമൊക്കെ വന്നതെന്ന് ഇന്ദ്രന്‍സ് പറയുന്നു. അന്ന് വലിയ പടങ്ങളൊക്കെ വന്നിരുന്നു. എന്തിന് വെറുതെ ടെന്‍ഷന്‍ എടുത്ത് വയ്ക്കണം എന്ന് കരുതി അത്തരം ചിത്രങ്ങളൊക്കെ ഒഴിവാക്കുമായിരുന്നതായി ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.  

താന്‍ ഒരിയ്ക്കലും ബോള്‍ഡ് അല്ല. ഇപ്പൊഴും അവസരം കാത്തിരിക്കുകയാണ്. തയ്യല്‍ ചെയ്തിരുന്ന സമയത്ത് ‘ഒരു ചാന്‍സ്, ഒരു നല്ല ക്യാരക്ടര്‍’ എന്ന് ആഗ്രഹിച്ചതുപോലെ ഇപ്പോഴും നല്ല അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും  അദ്ദേഹം പറയുന്നു. 

ഒടുവില്‍ പുറത്തിറങ്ങിയ ‘ഹോം’ എന്ന സിനിമയില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കേന്ദ്രകഥാപാത്രം ഏറെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു.

Leave a Reply

Your email address will not be published.