“പദവികളോ സിനിമാ പാരമ്പര്യമോ ഇല്ലാത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്” സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറഞ്ഞു സുപ്രിയ.

ബീ ബീ സീ പോലൊരു മാധ്യമ സ്ഥാപനത്തിലെ റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നതിനിടയില്‍ വളരെ യാദൃശ്ചികമായി ഒരു സിനിമാ കുടുംബത്തിലേക്ക് എത്തപ്പെട്ട വ്യക്തിയാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജ് എന്ന നടന്‍റെ ഭാര്യ എന്ന പദവിയില്‍ നിന്നും മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു നിര്‍മാതാവ് എന്ന നിലയിലേക്ക് ഉയർന്ന സുപ്രിയ സിനിമയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുകയുണ്ടായി. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് അവര്‍ തുറന്ന് പറഞ്ഞു.  

മലയാള സിനിമയില്‍ ഒരു സ്ത്രീ നിര്‍മാതാവ് എന്ന നിലയില്‍ തനിക്ക് പറയത്തക്ക സംഘര്‍ഷങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലന്നു സുപ്രിയ പറയുന്നു. എന്നാല്‍  പൃഥ്വിരാജിൻ്റെ ഭാര്യ എന്ന വലിയ പദവി ഉളളതുകൊണ്ടാണ് തൻ്റെ വഴി ഇത്രയധികം എളുപ്പവും സുഗമവും ആകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. താന്‍  ഈ പ്ലാറ്റ്‌ഫോം നന്നായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ സുപ്രിയ തന്നെപ്പോലെ ഇത്തരം പദവികളോ സിനിമാ പാരമ്പര്യമോ ഇല്ലാത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ അതിജീവിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് വയ്ക്കുന്നു. തന്‍റെ ആഗ്രഹം എല്ലായിപ്പോഴും കൂടുതല്‍ സ്ത്രീകള്‍ സിനിമയുടെ അണിയറയിലേക്ക് എത്തണം എന്നു തന്നെയാണ്.  ഈ വലിയ മഹാമാരിക്കിടയിലും ഒരു ചിത്രം നിര്‍മിക്കാന്‍ കഴിഞ്ഞത് തൻ്റെ ആത്മവിശ്വാസം വല്ലാതെ കൂട്ടി. താന്‍ വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒരു ജോലി ആയതിനാല്‍ സിനിമ തന്നെ ഒട്ടും മടുപ്പിക്കുന്നില്ലന്നും സുപ്രിയ പറയുന്നു.

ഈ പ്രത്യേകമായ ഒരു സാഹചര്യത്തില്‍ കുരുതി എന്ന ചിത്രം ഷൂട്ട് ചെയ്തപ്പോള്‍ വല്ലാത്തൊരു സമ്മര്‍ദം അനുഭവിച്ചിരുന്നു. ക്രൂവിലുള്ള അര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ ചിത്രീകരണം പാടേ നിര്‍ത്തിവെക്കേണ്ടി വരുമെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. മാസ്‌ക് വെക്കാനും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും എല്ലാവരെയും നിരന്തരമായി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നതിനാല്‍ തന്നെ കാണുമ്പോഴൊക്കെ മാസ്‌ക് ഉണ്ടെന്ന് എല്ലാവരും വിളിച്ചു പറയുന്ന സ്ഥിതിയായിരുന്നുവെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.