തിരുവോണ നാളില്‍ താരരാജാക്കന്മാര്‍ ഒരുമിച്ച് ഒരേ ചടങ്ങില്‍

മലയാളത്തിൻ്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും
തിരുവോണ നാളില്‍ ചിലവിട്ടത് യു.എ.ഇ യിലായിരുന്നു. ഒരു വിവാഹ
ചടങ്ങിലായിരുന്നു ഇവര്‍ രണ്ടാളും ഒത്തു കൂടിയത്. പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ സഹോദരന്‍ അഷ്റഫ് അലിയുടെ മകൻ്റെ വിവാഹവേദിയിലാണ് താരരാജാക്കന്മാര്‍ ഒരുമിച്ചത്. പ്രവാസലോകത്തു നടന്ന ഈ വിവാഹം താരത്തിളക്കം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഒരു നീണ്ട ഇടവേളക്കു ശേഷമായിരുന്നു ഇരുവരും യു.എ.ഇയില്‍ എത്തിയത്. ഷാര്‍ജയിലെ അല്‍ ജവഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ആയിരുന്നു സല്‍ക്കാര വേദി. 

വിവാഹത്തിന് മമ്മൂട്ടി തനിച്ചെത്തിയപ്പോള്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രക്കും സുഹൃത്ത് സമീര്‍ ഹംസക്കും ഒപ്പമായിരുന്നു എത്തിയത്. എം.എ.യൂസഫലിയും അഷ്റഫലിയും ചേര്‍ന്നാണ് താര രാജാക്കന്മാരെ സ്വീകരിച്ചത്.  അഷ്റഫ് അലിയുടെയും സീനയുടെയും മകന്‍ ഫഹാസും ടി.എസ്. യഹിയുടെയും സാഹിറയുടെയും മകള്‍ സിയയും ആയിരുന്നു വധൂ വരന്‍മാര്‍. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം ലഭിച്ചത്. യൂസഫലിയുമായി മമ്മൂട്ടിക്കും മോഹന്‍ലാലിനും അടുത്ത ബന്ധമാണുള്ളത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് വേണ്ടി കുറച്ചു ദിവസം മുന്‍പാണ്
മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ-ല്‍ എത്തിയത്.

ഇവരുടെ ഇന്നോളമുള്ള കലാരംഗത്തെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുന്നത്. ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്. മുന്‍പ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് മാത്രമായിരുന്നു ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളത്.  ടെന്നീസ് താരമായ സാനിയ മിര്‍സയ്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. കൂടാതെ നിരവധി പ്രവാസി വ്യവസായികള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുകയുണ്ടായി.  വിവിധ മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് യു.എ.ഇ നല്‍കുന്ന ഒരു ആദരമാണ് ഗോള്‍ഡന്‍ വിസ.

Leave a Reply

Your email address will not be published.