മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ താരമാക്കിയ ചിത്രമാണ് രാജാവിൻ്റെ മകന്. അതുവരെ ചെയ്തിരുന്ന വേഷങ്ങളില്‍ നിന്നും ഏറ്റവും വ്യത്യസ്തവും ഹീറോയിസം അതിന്റെ പൂര്‍ണ അര്‍ത്ഥത്തിലും തുടിച്ചു നില്ക്കുന്നതുമായ ചിത്രമായിരുന്നു രാജാവിന്റെ മകന്. വിന്‍സന്റ് ഗോമസ്, മോഹന്‍ലാല്‍ എന്ന നടന്റെ പരകായപ്രവേശം കൊണ്ട് ജീവന് വച്ച കഥാപാത്രമായിരുന്നു. മാസ്സും ക്ലാസ്സും ഒരുമിച്ച് ചേര്‍ന്ന ഈ ചിത്രം സംവിധാനം നിര്‍വഹിച്ചത് തമ്പി കണ്ണന്താനം ആയിരുന്നു. ഡെന്നിസ് ജോസഫിന്റേതാണ് തിരക്കഥ. ഇപ്പോള്‍ പോലും തലമുറയെ പിടിച്ചിരുത്താന്‍ ഈ ചിത്രത്തിന് കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

എന്നാല്‍ ഈ ചിത്രത്തില്‍ നായകന് ആവേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നുവെന്ന് പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവര്‍ത്തി പറയുന്നു. ആദ്യം ഇതിലെ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിക്കു വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിൻ്റെ മകന്. എന്നാല്‍ അദ്ദേഹം ആ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും ഡേറ്റ് നല്‍കാതെ പിന്മാറിയതാണ് മോഹന്‍ലാലിനെ തേടി ആ വേഷം എത്താന്‍ കാരണണമായതെന്ന് ഷിബു ചക്രവര്‍ത്തി പറയുന്നു.
അന്നത്തെ കാലത്ത് ഒരിക്കലും രാജാവിൻ്റെ മകന് പേലുള്ള ഒരു ചിത്രം മോഹന്‍ലാലിനെ വച്ച് ആരും ചിന്തിക്കില്ല. കാരണം മോഹന്‍ലാല്‍ അതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം ആദ്യം മുതല്‍ അവസാനം വരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ രാജാവിൻ്റെ മകനില്‍ ഒരേയൊരു സീനില്‍ മാത്രമാണ് മോഹന്‍ലാല്‍ ചിരിക്കുന്നത്. ആ സിനിമയില്‍ മോഹന്‍ലാല്‍ ചിരിക്കുന്ന രംഗങ്ങളില്ല. എന്നാല്‍ അത് മലയാള സിനിമയിലെ പുതിയൊരു താരോദയത്തിന് കാരണമായി മാറി. എല്ലാ വേഷങ്ങളും മോഹന്‍ലാലിന് ചെയ്യാന്‍ കഴിയും എന്നതിന്റെ തുടക്കമായിരുന്നു രാജാവിൻ്റെ മകന് എന്ന് ഷിബു ചക്രവര്‍ത്തി പറയുന്നു.