നന്നേ ചെറിയ പ്രായത്തില്‍ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന കലാകാരിയാണ് സീമ ജീ നായര്‍. തുടർന്ന് 1000 ത്തോളം നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് സീരിയല്‍ സിനിമ രംഗത്തെക്ക് ഇവര്‍ ചുവട് മാറ്റി. കൂടാതെ മെയ്ക് എ വിഷ് ഫൗണ്ടേഷൻ്റെ കേരളത്തിലെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനില്‍ അംഗവുമാണ് ഈ കലാകാരി.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന ശരണ്യയുടെ ഒരു ആശാകേന്ദ്രം ആയിരുന്നു സീമ. മരണത്തിനും ജീവിതത്തിനുമിടയില്‍ കിടന്ന് നരക യാതന അനുഭവിച്ച ശരണ്യയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നിരവധി തവണ സീമ ജി നായര്‍ സോഷ്യല്‍ മീഡിയയിലും എത്തിയിട്ടുണ്ട്.
എത്ര സീരിയസ് ആയ അവസ്ഥ ആണെകിലും ആ വേദനയും അസുഖങ്ങളും പുറത്തുകാണിക്കാതെ ഫീനിക്സ് പക്ഷിയെ പോലെ ഓരോ തവണയും പുറത്തുവന്നവളാണ് അവള്. അതുപോലെ പൂര്‍ണമായും രോഗമുക്തയായി അവള് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സീമ നിര കണ്ണുകളോടെ പറയുന്നു.
തനിക്ക് എല്ലാമായിരുന്നു ശരണ്യ എന്ന് സീമ വികാരാധീനയായി പ്രസ്താവിച്ചു. ആപത്ത് കാലത്ത് മറ്റൊന്നും പ്രതീക്ഷിക്കാതെ അയാളുടെ കൈപിടിച്ച് താന്‍ മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. എന്തെല്ലാം പ്രതിസന്ധികളുണ്ടായിരുന്നിട്ടും താന്‍ ആ കൈ വിട്ടില്ല. അങ്ങനെ ഒപ്പം സഞ്ചരിച്ചയാള്‍ നമ്മുടെ ആരൊക്കെയോ ആണ്. തന്റെ മകനായ അപ്പുവിനെ പോലെ തന്നെയായിരുന്നു ശരണ്യയും എന്നു സീമ പറയുന്നു.
ശരണ്യയ്ക്ക് ഇനിയും ജീവിക്കണമെന്നും അഭിനയിക്കണമെന്നുമുള്ള ആഗ്രഹം ഉണ്ടായിരുന്നതായി സീമ തുടര്‍ന്നു. തനിക്ക് അത് സാധിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇത്തരമൊരു അസുഖം വരുമ്പോള്‍ വീട്ടുകാര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുമോ എന്നത് പോലുള്ള ആശങ്കകള്‍ അവള്‍ക്കുണ്ടാകാം. എന്നാല്‍ അത്തരം വിഷമങ്ങള്‍ ഇല്ലാതെ അവളെ യാത്രയാക്കാന്‍ സാധിച്ചു എന്നതില്‍ വലിയ സംതൃപ്തിയുണ്ടെന്നും സീമ കൂട്ടിച്ചേര്‍ത്തു.