മലയാളത്തില്‍ ഒരുപിടി മികച്ചതും പുതുമയുള്ളതുമായ ചിത്രങ്ങള്‍ നിര്‍മ്മിച്ച നിര്‍മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൌസ്. ഈ പ്രൊഡക്ഷന്‍ ഹൌസിന്റെ അമരക്കാരില്‍ ഒരാളാണ് സാന്ദ്ര തോമസ്. ഇവരുടെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി നിരൂപകരും പ്രേക്ഷകരും ഒരേപോലെ പറയുന്ന ചിത്രമാണ് ‘ആട് ഒരു ഭീകര ജീവിയാണ്’.

നവാഗതനായ മിഥുന് മാനുവല്‍ തോമസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. തീയറ്ററില്‍ ആദ്യം റിലീസ് ചെയ്തപ്പോള്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ചിത്രം സീ ഡീ റിലീസ് ആയപ്പോള്‍ വന്‍ വിജയമായി മാറി എന്നൊരു അപൂര്‍വതയും ഉണ്ട്. ഷാജിപാപ്പാനെയും കൂട്ടരെയും മലയാളി നെഞ്ചോട് ചേര്‍ത്തു. ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടന്നത് ഇടുക്കിയില്‍ ആയിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിൻ്റെ ഓര്‍മകള്‍ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് പറയുകയുണ്ടായി.
ആട് എന്ന ചിത്രം ഇടുക്കിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു സ്ത്രീയായി താന്‍ മാത്രമേ സെറ്റില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് സാന്ദ്ര പറയുന്നു. ആ ചിത്രത്തില്‍ കൂടുതലും പുരുഷന്മാരായിരുന്നു അഭിനയിച്ചിരുന്നത്. കേവലം ഒരു ദിവസത്തേക്ക് മാത്രം ശ്രിന്ദ വന്ന് പോയി എന്ന് മാത്രം. അതുകൊണ്ട് തന്നെ ഒരാള്‍ക്ക് വേണ്ടി മാത്രമായി കാരവന് എടുത്തതുമില്ല.

ആടിന്റെ ചിത്രീകരണ വേളയില്‍ ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലെയും
ബാത്റൂം താന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സാന്ദ്ര പറയുന്നു. അന്നത്തെ അവസ്ഥ അതായിരുന്നു. അതുപോലെ തന്നെ പൊതുവേ സ്ത്രീകളുടെ പ്രശ്നം പറയാന്‍ ആരും ഇന്ന് സിനിമയില്‍ ഇല്ല, നമ്മളെ മനസിലാക്കുന്ന ഒരാളില്ല.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉള്‍പ്പെടെ ഏത് അസോസിയേഷനില്‍ ചെന്നാലും അവിടെയെല്ലാം ഉള്ളത് പുരുഷന്മാരാണ്. അവരുടെ മൈന്‍ഡ് സെറ്റിലാണ് ഏത് കാര്യത്തെയും നോക്കിക്കാണുന്നത്. ഒരിയ്ക്കലും ഒരു സ്ത്രീ ഒരു പ്രശ്നത്തെ നേരിടുന്നതു പോലെയായിരിക്കില്ല പുരുഷന്മാര് അതിനെ സമീപിക്കുന്നതും നേരിടുന്നതും. സിനിമാ മേഖലയില്‍ അതൊക്കെ വളരെ കൂടുതലായുണ്ടെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.