ഒരു വ്യക്തി എന്ന നിലയില്‍ ഏറ്റവുമധികം ജനസമ്മിതി ഉള്ള നടനാണ് സുരേഷ് ഗോപി. മലയാളത്തിലെ അപൂര്‍വം കലാകാരന്മാര്ക്ക് മാത്രം ലഭിച്ചിട്ടുള്ള അംഗീകാരമാണത്. ലോകം അംഗീകരിച്ച ഒരു കലാകാരന് എന്നതിനപ്പുറം മികവുറ്റ ഒരു പൊതു പ്രവര്ത്തകന് കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപി തന്റെ മറക്കാനാവാത്ത ഓണ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ വളരെ വികാരാധീനനായി.

ഓണത്തിന് ഒരിയ്ക്കലും മറക്കാനാവാത്ത ഒരു അനുഭവത്തെക്കുറിച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. 1991-ല്‍ ആയിരുന്നു ആ സംഭവം നടന്നത്. ഒരു സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട്ടായിരുന്നു. പ്രശസ്ത സംവിധായകനും തന്റെ ഗുരുവുമായ തമ്പി കണ്ണന്താനത്തിന്റെ ചിത്രമായിരുന്നു അതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അന്ന് ഓണത്തിന് അവര്‍ തന്നെ വീട്ടിലേക്ക് അയച്ചില്ല. കടലോരകാറ്റ് ആയിരുന്നു ചിത്രം. പകല്‍ എടുക്കേണ്ട ഒരു ഫൈറ്റ് സീന്‍ മഴ പെയ്താല്‍ എടുക്കാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ ഇന്റീരിയറില്‍ നിന്നും ഫൈറ്റ് എടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ അവര്‍ തന്നെ പോകാന്‍ അനുവദിച്ചില്ല. തനിക്ക് ഒരു മോള് ജനിച്ച വര്‍ഷമാണ്. അവളുടെ ആദ്യത്തെ ഓണമാണ്. അവളുടെ ചോറൂണും കഴിഞ്ഞിരുന്നു. അവള്‍ക്ക് ഒരു ഉരുള ചോറ് കൊടുക്കണം. ഓണത്തിന് പോകാതിരുന്നാല്‍ അത് കൊടുക്കാന്‍ കഴിയില്ലല്ലോ എന്ന് അവരോട് പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അന്ന് പോകാന്‍ കഴിഞ്ഞിരുന്നില്ല.
ഈ സംഭവം കൃത്യമായി ഓര്‍മ്മിക്കാന്‍ ഒരു കാരണം ഉണ്ട്. അടുത്ത ഓണം ഉണ്ണാന്‍ തന്റെ മകള്‍ ലക്ഷ്മി ഉണ്ടായില്ല. അതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് സുരേഷ് ഗോപി പറയുന്നു. തന്റെ കുഞ്ഞിന് ഒരു ഓണയുരുള കൊടുക്കാന്‍ കഴിഞ്ഞില്ല . അതിന് മുൻപ് അവള് പോയി. അവള്‍ക്കുള്ള ഉരുള തനിക്ക് അവര്‍ നിഷേധിച്ചതാണെന്നും സുരേഷ് ഗോപി പറയുന്നു.