“സ്‌നേഹത്തിന്റെ മന്ത്രച്ചരട് ജപിച്ചുകെട്ടിയാണ് ലോഹിതദാസ് ഓരോ വാക്കും പുറത്തു വിടുക” ചിത്ര

മലയാള സിനിമയുടെ സെല്ലുലോയിഡില്‍ ഒരു നാളും മങ്ങലേല്‍ക്കാതെ തെളിഞ്ഞു നില്‍ക്കുന്ന കഥാകാരനാണ് ലോഹിതദാസ്. ജീവിതത്തിന്‍റെ തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിട്ടും ഇന്നും ഓര്‍മയുടെ ഭ്രമണ പഥത്തില്‍ അദ്ദേഹം ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ദിവസ്സം മരണപ്പെട്ട പ്രിയനടി ചിത്ര ലോഹിത ദാസിനെക്കുറിച്ച് ഒരിയ്ക്കല്‍ പറഞ്ഞത് സിനിമ മേഖലയില്‍ തനിക്ക് അഭയ കേന്ദ്രം ലോഹിതദാസായിരുന്നുവെന്നാണ്.   

ചിത്തൂ എന്നായിരുന്നു ലോഹിതദാസ് തന്നെ വിളിച്ചിരുന്നതെന്ന് ചിത്ര പറയുന്നു. ലോഹിയുടെ വിളിയെ അവര്‍ സ്നേഹത്തിന്റെ മന്ത്രം എന്നാണ് വിശേഷിപ്പിച്ചത്. സ്‌നേഹത്തിന്റെ മന്ത്രച്ചരട് ജപിച്ചുകെട്ടിയാണ് ലോഹിതദാസ് ഓരോ വാക്കും പുറത്തുവിടുക. അവ ലഭിക്കുമ്പോള്‍ അളവറ്റ ആത്മവിശ്വാസവും കൂടെ ഒരാളുണ്ടെന്ന സുരക്ഷിതത്വബോധവും തോന്നുമെന്ന് പറഞ്ഞ ചിത്ര ലോഹിത ദാസ് അവര്‍ക്ക് പിറക്കാതെ പോയ സഹോദരനാണെന്നും പറയുന്നു. സിനിമയിലെ മുഴുവന്‍ പുരുഷന്മാരും തന്‍റെ മകളെ വഴിതെറ്റിക്കാന്‍ നടക്കുന്നവരാണ് എന്ന ചിന്തയോടെ ജീവിച്ചിരുന്ന തന്‍റെ അച്ഛന് പോലും ലോഹിയെ വലിയ കാര്യമായിരുന്നുവെന്ന് ചിത്ര പറഞ്ഞിരുന്നു.

തന്‍റെ അമ്മയുടെ മരണവും അനിയത്തിയുടെ വിവാഹവും തന്നെ ഏകാന്തയാക്കി മാറ്റിയ കാലത്ത് ലോഹിതദാസ് ഒരു അഭയകേന്ദ്രമായിരുന്നു. തന്‍റെ അച്ഛൻ്റെ സ്വഭാവം നാള്‍ക്കുനാള്‍ കടുത്തുവന്നു. ലൊക്കേഷനിലും വീട്ടിലും ഇടം വലം തിരിയാന്‍ സമ്മതിക്കില്ല. വീട്ടിലെ ലാൻ്റ് ഫോണ്‍ തൊടാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. കൂടാതെ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നതിൻ്റെയും ജോലി ചെയ്യുന്നതിന്‍റെ  തിരക്കിനുമിടയില്‍ മകളെ പരിഗണിക്കുന്നതില്‍ അദ്ദേഹത്തിന് വീഴ്ച വരുകയും ചെയ്തു. തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നുന്ന അവസരങ്ങളില്‍ ലോഹിയെ വിളിക്കുമായിരുന്നെന്നും ചിത്ര ഓര്‍ക്കുന്നു.  

ഒറ്റപ്പെട്ട ജീവിതത്തിൻ്റെ കയ്പും ഉള്ളിലുണരുന്ന മരണചിന്തയും അച്ഛന്‍റെ സ്നേഹരാഹിത്യത്തെക്കുറിച്ചുമൊക്കെ പറയുമ്പോള്‍, ലോഹി പറഞ്ഞിരുന്നത്, അച്ഛൻ്റെത് സ്‌നേഹക്കുറവല്ല, സ്‌നേഹക്കൂടുതലാണ് എന്ന് ഒരിക്കല്‍ നീ മനസിലാക്കും എന്നായിരുന്നു. സൗമ്യമായ ഭാഷയില്‍ സ്‌നേഹം നിറച്ചുവച്ച്‌ ലോഹി അത് പറയുമ്പോള്‍ പതിയെ നോര്‍മലാകുമെന്നും ചിത്ര പറഞ്ഞു. മലയാളത്തിലെ നമ്പര്‍ വണ്‍ എഴുത്തുകാരനെയാണ് വിളിച്ച്‌ ബുദ്ധിമുട്ടിക്കുന്നത് എന്ന് ചിന്തിക്കാനുള്ള പക്വത അന്നില്ലായിരുന്നുവെന്നും ചിത്ര ഓര്‍ക്കുന്നു.

Leave a Reply

Your email address will not be published.