ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് നായര്‍സാബ്. ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിച്ചത്. ബോക്സോഫീസില്‍ വലിയ വിജയം നേടിയ ഈ ചിത്രം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഉണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെക്കുകയാണ് അസിസ്റ്റന്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി.
കാശ്മീരിലാണ് നായര്‍ സാബ് ചിത്രീകരിച്ചത്. ജൂണ്‍-ജൂലായ് മാസത്തിലായിരുന്നു കശ്മീരില്‍ ആദ്യം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് ചൂട് കൂടുതലുള്ള സമയം ആയിരുന്നു. സിനിമയുടെ ഒരു ഭാഗം അന്ന് ചിത്രീകരിക്കുകയുണ്ടായി. പിന്നീട് അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് മഞ്ഞ് മൂടി കിടക്കുന്ന സമയത്താണ്. അന്നും തീവ്രവാദികള്‍ ഉളള സമയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പഞ്ചാബില്‍ സിക്കുകാരുമായി പ്രശ്നങ്ങള്‍ നടക്കുന്ന സമയം.

കുറച്ചു പേര് ട്രെയിനിലാണ് ജമ്മുവിലേക്ക് പോയത്. ആര്‍ട്ട് ഡയറക്ടറും അസിസ്റ്റന്റും താനും ഡല്‍ഹിയില്‍ നിന്ന് ബസില്‍ ജമ്മുവിലേക്ക് പോയെന്ന് അദ്ദേഹം പറയുന്നു. കുറച്ചധികം സാധനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന്
എടുക്കാനുണ്ടായിരുന്നു. എന്നാല്‍ ബസില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ അത് അപകടമാണെന്ന് ചിലരൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന ആത്മവിശ്വാസം ആയിരുന്നു പലര്‍ക്കും.
എന്നാല്‍ പഞ്ചാബ് കടക്കുമ്പോള്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. വഴിയിലൊക്കെ പലപ്പോഴും വാഹനങ്ങള്‍ പിടിച്ചിടാന്‍ തുടങ്ങി. പഞ്ചാബില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ട് ജമ്മു എത്തുന്നതിന് മുന്‍പായി ബസ് വീണ്ടും പിടിച്ചിട്ടു. സിക്കുകാര്‍ പല തരത്തിലുള്ള ആക്രമങ്ങള്‍ നടത്തുന്ന സമയായിരുന്നു അതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അഞ്ച് പേരായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. ബസ് വഴിയരികില്‍ പിടിച്ചിട്ടപ്പോള്‍ രാത്രിയില്‍ എല്ലാവരും ബസ്സില്‍ തന്നെ കിടന്നു.
എന്നാല്‍ രാത്രി ആയപ്പോള്‍ ബസിൻ്റെ മുകളില്‍ ആരോ കയറിയത് പോലെ ശബ്ദം കേട്ടു. അത് തീവ്രവാദികളാണെന്ന് കരുതി എല്ലാവരും ഭയന്ന് പോയെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ ഇനി വര്‍ക്ക് ചെയ്യാന്‍ പോലും കഴിയുമെന്ന് കരുതിയില്ല. എല്ലാവരും ഭയന്ന് ബസിൻ്റെ സീറ്റിന് അടിയില്‍ ഒളിച്ചു. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞതോടെ ശബ്ദമൊക്കെ നിലച്ചു.
പിന്നെ ബസില്‍ നിന്നും ഒരാള്‍ പുറത്ത് ഇറങ്ങി നോക്കി, എന്നാല്‍ ആരെയും ബസിനുള്ളില്‍ കണ്ടില്ലന്നു അദ്ദേഹം പറയുന്നു. അന്ന് ഒരു ശ്മശാനത്തിൻ്റെ അടുത്താണ് വണ്ടി നിര്‍ത്തിയിരുന്നത് എന്നും അദ്ദേഹം കൃത്യമായി ഓര്‍ക്കുന്നു.
പിന്നീട് തങ്ങള്‍ മൂന്ന് പേര് ലൊക്കേഷനില്‍ പെട്ടുപോയ മറ്റൊരു അനുഭവവും അദ്ദേഹം വിശദീകരിച്ചു. ഷൂട്ട് കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ താനുള്‍പ്പെടെ മൂന്ന് പേര് മാത്രം ഒരു ആളൊഴിഞ്ഞ സ്ഥലത്ത് ഒറ്റപ്പെട്ടുപോയി. ടെൻ്റ് അഴിച്ചുമാറ്റാനായി നിന്നതായിരുന്നു. എന്നാല്‍ രാത്രി ആയതോടെ ആകെ ഭയപ്പെട്ടുപോയി.

മറ്റ് ടീമംഗങ്ങളെ കോണ്ടാക്ട് ചെയ്യാന്‍ ഒരു വഴിയുമില്ലായിരുന്നു. തീവ്രവാദികളോ, എന്തെങ്കിലും മൃഗങ്ങളോ വന്ന് ആക്രമിക്കുമെന്ന് വരെ ഭയന്നു. അടുത്ത ദിവസം രാവിലെ ചായകുടിക്കുന്ന സമയത്താണ് കൂടെ ഉണ്ടായിരുന്ന മൂന്നു പേര് ഒപ്പം ഇല്ലെന്ന കാര്യം മറ്റുള്ളവര്‍ അറിഞ്ഞത്. ഒടുവില്‍ ലൊക്കേഷനില്‍ നിന്ന് വണ്ടി വന്ന് തങ്ങളെ കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അത് താൻ്റെയും സുഹൃത്തുക്കളുടെയും രണ്ടാം ജന്മം ആയിരുന്നെന്ന് വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.
അന്ന് 45 ലക്ഷം മുടക്കി ചിത്രീകരിച്ച നായര്‍ സാബ് രണ്ടര കോടിക്കടുത്ത് കളക്ഷന്‍ നേടിയതായി അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.