തിരുവോണ നാളില്‍ പ്രശസ്ത തെന്നിന്ത്യന്‍ നടി ചിത്രയുടെ മരണം ഒരു ഞെട്ടലോടെയാണ് മലയാളി കേട്ടത്. അകാലത്തില്‍ പൊലിഞ്ഞത് ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷക മനസില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. ശശികുമാര്‍ സംവിധാനം നിര്‍വഹിച്ച ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിൻ്റെ നായികയായാണ് ചിത്ര തിരശീലക്കു മുന്നില്‍ സജീവമാകുന്നത്. തുടര്‍ന്ന് അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്, പൊന്നുച്ചാമി, അദ്വൈതം, ആറാം തമ്പുരാന് തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ഇതിനോടകം ചിത്ര അവതരിപ്പിച്ചു. എന്നാല്‍ തൻ്റെ സംഭവബഹുലമായ സിനിമാ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് കുറച്ചു നാളുകള്‍ക്ക് മുന്‍പ് ചിത്ര വെളിപ്പെടുത്തിയിരുന്നു.

വലിയ ബാനറുകളില്‍ വലിയ സംവിധായകരും എഴുത്തുകാരുമൊക്കെ
നിറഞ്ഞു നിന്നിരുന്ന കാലഘട്ടമായിരുന്നു അതെന്ന് അവര്‍ ഓര്‍ക്കുന്നു.
ജോലി ഒരു ഒരു ഉന്മാദമായി കണ്ടിരുന്നത്തുകൊണ്ട് മോശപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ലന്നു, അവര്‍ പറയുന്നു. ഇന്നത്തെ തലമുറയ്ക്ക് തൊഴിലില്‍ ആത്മാര്‍ത്ഥത കുറയുന്നതുകൊണ്ടാവും സെറ്റില്‍ അസുഖകരമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് . അധികമാരോടും സംസാരിക്കാത്ത തൻ്റെ പ്രകൃതം ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസി. ഡയറക്ടര്‍ ഉണ്ടായിരുന്നതായി ചിത്ര പറയുന്നു. അയാള്‍ക്ക് തന്നോട് ചെറിയൊരു നീരസവും ഉണ്ടായിരുന്നു. രണ്ടുകൊല്ലം കഴിഞ്ഞാല്‍ അയാളും സിനിമയെടുത്തു വലിയ സംവിധായകനാകും, ഇന്ന് തന്നെ മൈന്റ് ചെയ്യാതിരിക്കുന്നവരെയൊക്കെ ഒരു പാഠം പഠിപ്പിക്കുമെന്ന് തൻ്റെ മുഖത്തുനോക്കി അയാള്‍ പറയുമായിരുന്നെന്ന് ചിത്ര ഓര്‍ക്കുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രസ്തുത വ്യക്തി സംവിധായകനായി. അയാളുടെ ഒരു ചിത്രത്തില്‍ നായിക താനായിരുന്നു. മമ്മൂക്കയായിരുന്നു നായകന്. പൊള്ളുന്ന ചൂടുള്ള സമയം ഒരു കുന്ന് ഇറങ്ങി വരുന്ന രംഗം ഒരു ഗാന ചിത്രീകരണത്തിന്റെ ഭാഗമായി ഷൂട്ട് ചെയ്യൂന്നതിനിടയില് തന്നോടുള്ള മുന്‍ വൈരാഗ്യം കാരണം പ്രതികാരം മനസില്‍ വച്ചാവണം പതിനഞ്ച് തവണ അയാള്‍ ആ ഷോട്ട് എടുത്തു. ആകെ വിയര്‍ത്ത് കുളിച്ച തനിക്ക് തലചുറ്റല്‍ പോലും ഉണ്ടായി. എന്നാല്‍, വീണ്ടും വീണ്ടും അയാള്‍ ഷോട്ടിന് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. മമ്മൂക്കയ്ക്ക് ഇത് കണ്ട് വല്ലാതെ ദേഷ്യം വരുകയും സംവിധായകനോട് ദേഷ്യപ്പെടുകയും, ചെയ്തു. പിന്നീട് ആണ് അയാള്‍ ഷോട്ട് ഓക്കേ പറഞ്ഞതെന്ന് ചിത്ര പറയുന്നു. തനിക്ക് മലയാള സിനിമയില്‍ മോശപ്പെട്ട അനുഭവം എന്നുപറയാന്‍ ഇതുമാത്രമേയുള്ളൂ എന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.