“മറ്റ് നിവര്‍ത്തിയില്ലാതെ അന്ന് വീട് വില്‍ക്കേണ്ടി വന്നു; പിന്നീട് തന്‍റെ ഏക  ആശ്രയം അതായിരുന്നു” സുബി സുരേഷ്.

ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും
മലയാളിക്ക് ഏറെ സുപരിചിതയായ സുബി ജയറാം നായകനായ കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. തുടർന്ന് മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചതോടൊപ്പം തന്നെ മിനിസ്ക്രീനിലും സജീവമായി തുടര്‍ന്നു. സൂര്യ ടിവിയില്‍  സംപ്രേക്ഷണം തുടര്‍ന്ന ‘കുട്ടിപ്പട്ടാളം’ എന്ന  ഷോ സുബിയെ കൂടുതല്‍ ജനപ്രിയ ആക്കി.    

എന്നാല്‍ അടുത്തിടെ പുറത്തു വന്ന ഒരു അഭിമുഖത്തില്‍  തൻ്റെ  ജീവിതത്തില്‍ നേടിയ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് സുബി വാചാലയായി.  

ആദ്യ കാലങ്ങളില്‍ താന്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്ന് സുബി പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തൃപ്പൂണിത്തുറയില്‍ അത്യവശ്യം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു വീട് തന്‍റെ അച്ഛന്‍ പണി കഴിപ്പിക്കുന്നത്. പൂന്തോട്ടവും, പച്ചക്കറി കൃഷിയും ഒക്കെ ചെയ്യാന്‍ പറ്റുന്ന ഒരു കൊച്ചു വീടും സ്ഥലവും ആയിരുന്നു അതെന്ന് അവര്‍ ഓര്‍ക്കുന്നു. സമാധനത്തോടെയുള്ള ആദ്യ നാളുകള്‍ക്ക് ശേഷം ആ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ലന്ന് സുബി പറയുന്നു. ബിസിനസില്‍ തന്‍റെ അച്ഛന്  സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍  വീട് വില്‍ക്കേണ്ടി വന്നു. അതിനു ശേഷമുള്ള തന്‍റെ ഏക  ആശ്രയം വാടക വീടുകള്‍  ആയിരുന്നുവെന്ന് സുബി പറയുന്നു.എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സ്വന്തമായൊരു വീട് എന്നത്. അതിനുവേണ്ടിയുള്ള അധ്വാനമായിരുന്നു പിന്നീട് ജീവിതത്തില്‍ . എന്നാല്‍ ആ വലിയ സ്വപ്നത്തിലേക്ക് എത്താന്‍ കഴിഞ്ഞത് കേവലം അഞ്ചു വര്‍ഷം മുൻപാണെന്ന് സുബി വ്യക്തമാക്കി. ഇന്ന് തന്‍റെ വീടിന്‍റെ ടെറസില്‍ ഒരു ചെറിയ പച്ചക്കറി തോട്ടവും ഉണ്ടെന്ന് സുബി പറയുന്നു.  താന്‍ വീട്ടില്‍ ഉള്ളപ്പോള്‍ മനസ്സിന് സന്തോഷം നല്‍കുന്ന ഒരു ഹോബിയാണ് കൃഷിയെന്നും സുബി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.