എം.പി ഹൈബി ഈഡനും പങ്കെടുത്ത പരിപാടിയെ വിമർശിച്ചു ബിന്ദു കൃഷ്ണ

അടുത്തിടെ അമ്മ’യുടെ യോഗത്തില്‍ മലയാളത്തിലെ സിനിമാ താരങ്ങള്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും  പങ്കെടുത്തത്തിനെതിരെ സമൂഹ മാധ്യമത്തില്‍  വ്യാപകമായ  പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അശേഷം ലംഘിച്ച ഇവരുടെ ഈ നടപടിയെ അതിരൂക്ഷമായ ഭാഷയില്‍ പലരും വിമര്‍ശിക്കുകയുണ്ടായി. ഈ പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നതോടെയാണ് പല കോണില്‍ നിന്നും ഇവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്.  ഇപ്പോഴിതാ താരങ്ങളുടെ ഈ നടപടിക്കെതിരെ യാതൊരു വിധ നടപടിയും എടുക്കാത്തത്തില്‍  പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാനായി  തെരുവില്‍ ഇറങ്ങുന്ന പാവങ്ങള്‍ക്ക്  സമ്മാനമായി പെറ്റിയും, പിഴയും എന്ന് കുറിച്ചുകൊണ്ടാണ് ബിന്ദു കൃഷ്ണ തന്‍റെ കുറിപ്പ് തുടങ്ങുന്നത്.  

സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്‌ട് ഓക്കെ എന്ന് തുടങ്ങുന്ന കുറിപ്പില്‍,  കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയുമാണ് കിട്ടുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം നടത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ, എന്നായിരുന്നു തന്‍റെ ഫെയ്‌സ്ബുക്ക് അക്കൌണ്ടില്‍  ബിന്ദു കൃഷ്ണ കുറിച്ചത്.

കഴിഞ്ഞ ദിവസം കലൂരിലുള്ള അമ്മയുടെ ആസ്ഥാനത്തായിരുന്നു വിവാദത്തിന് നിദാനമായ ഈ യോഗം നടന്നത്. മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളും പങ്കെടുത്ത ഈ പരിപാടിയില്‍  ആരും തന്നെ മാസ്ക് ധരിച്ചിരുന്നില്ല. ഇവരുടെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമത്തില്‍ വളരെ വേഗം വയറലാവുകയും ചെയ്തു.    

താരങ്ങള്‍ പ്രധാനമായും ഒത്തുകൂടിയത് നിര്‍ദ്ധനാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും ഒപ്പം പുതുതായി തുടങ്ങിയ അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിങ്ങിനുമായിരുന്നു. സാമൂഹിക അകലം പാലിക്കാതെ ആയിരുന്നു മിക്ക താരങ്ങളും ഈ ചടങ്ങില്‍ സന്നിഹിതരായത്. എറണാകുളം എം.പി ഹൈബി ഈഡനും  മാസ്‌ക് ധരിക്കാതെ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

Leave a Reply

Your email address will not be published.